LATEST

6/recent/ticker-posts

ഫോണ്‍ റീചാര്‍ജിനെച്ചൊല്ലി തര്‍ക്കം; കേരള കോണ്‍ഗ്രസ് (സ്കറിയ) നേതാവിന്റേത് കൊലപാതകം

ആറ്റിങ്ങല്‍:കേരള കോണ്‍ഗ്രസ് (സ്കറിയ) നേതാവ് കോരാണി സനിലിന്റെ (65) മരണം മകന്റെ മർദനമേറ്റതിനാലാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ മകൻ ബാലഗോപാൽ (34)അറസ്റ്റിൽ .






ഗുരുതരമായി പരുക്കേറ്റ് ഒരാഴ്ചയിലേറെയായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോരാണി ഇടയ്ക്കോട് സതീഷ് സദനത്തില്‍ സനില്‍ ഇന്നലെ രാവിലെയാണ് മരിച്ചത്.

ആറ്റിങ്ങല്‍ പാലസ് റോഡിലെ 'ശ്രീലക്ഷ്മി' എന്ന വാടകവീട്ടിലായിരുന്നു സനിലും മകൻ ബാലഗോപാലും താമസിച്ചിരുന്നത്. മൊബൈല്‍ ഫോണ്‍ റീചാർജ് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് മകൻ സനിലിനെ മർദിച്ചതെന്നാണ് സൂചന. മർദനത്തില്‍ സനിലിന്റെ തലയുടെ വലതുവശത്ത് ഗുരുതരമായി പരുക്കേല്‍ക്കുകയും 5 വാരിയെല്ലുകള്‍ പൊട്ടുകയും കഴുത്തിന് പരുക്കേല്‍ക്കുകയും ചെയ്തതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.



ഒരാഴ്ച മുൻപ് സനില്‍ വീട്ടില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട ജോലിക്കാരി വിവരമറിയിച്ചതിനെ തുടർന്നാണ് സുഹൃത്തുക്കള്‍ ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീണു പരുക്കേറ്റതാണെന്നാണ് തുടക്കത്തില്‍ പറഞ്ഞിരുന്നതെങ്കിലും സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സനില്‍ അംഗമായ ഹോട്ടല്‍ അസോസിയേഷൻ പ്രവർത്തകർ ആറ്റിങ്ങല്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ജോലിക്കാരിയുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുത്തു






ആശുപത്രിയില്‍ സനിലിന് കൂട്ടിരുന്ന ബാലഗോപാലിനെ മരണവിവരം അറിഞ്ഞയുടൻ പോലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടത്തില്‍ മർദനമാണ് മരണകാരണമെന്ന് വ്യക്തമായതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു

Post a Comment

0 Comments