കോഴിക്കോട്: ബിഗ് ടിവി അവതാരക അപർണ കുറുപ്പിന്റെ പരാതിയിൽ വിസ്ഡം സ്റ്റുഡന്റ്‌സ് നേതാവ് ഡോ. അബ്ദുള്ള ബാസിലിനെതിരെ കേസെടുത്തു. കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീകളെ കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയുടെ പേരിലാണ് കേസ്. കൊച്ചി സൈബർ പോലീസാണ് കേസെടുത്തത്.
അവതാരകയുടെ മാന്യതയ്ക്ക് കളങ്കം വരുത്തുന്ന രീതിയിൽ ചർച്ചയുടെ വസ്തുതകൾ തെറ്റായി പ്രചരിപ്പിക്കുന്ന വീഡിയോകളും സന്ദേശങ്ങളും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു, ഭീഷണിപ്പെടുത്തുന്നതിനും ദേഹോപദ്രവം ഏൽപ്പിക്കുന്നതിനും ആഹ്വാനം ചെയ്തു എന്നാണ് എഫ്ഐആറിൽ പറയുന്നത്. ബിഎൻഎസ് 192, 351(1), 353, 3(5) വകുപ്പുകളും ഐടി ആക്ട് 67-ഉം ചുമത്തിയാണ് കേസ്.
ബാസിലിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ തനിക്ക് വലിയ സൈബർ ആക്രമണം നേരിട്ടെന്നും മാപ്പ് പറഞ്ഞിട്ടും വധഭീഷണി തുടർന്നെന്നും ചൂണ്ടിക്കാട്ടിയാണ് അപർണ പരാതി നൽകിയത്.
അതേസമയം നടപടി കടുത്ത വിവേചനമാണെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ് പറഞ്ഞു. വ്യാജ പരാതിയിൽ തിടുക്കപ്പെട്ട് എഫ്ഐആർ എടുത്തു. ഇസ്ലാമിനെ പരിഹസിക്കുന്ന പരാമർശമാണ് അവതാരക നടത്തിയത്. എഫ്ഐആർ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാസിലിനെതിരായ എഫ്ഐആർ പിൻവലിക്കാൻ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
0 Comments