LATEST

6/recent/ticker-posts

തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുന്നുവെന്ന് പറയുന്നവര്‍ പിന്നെന്തിന് മല്‍സരിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ അട്ടിമറിക്കപ്പെടുന്നുവെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നുണ്ടെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടെടുപ്പുകളില്‍ മല്‍സരിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോക്റോച്ച്‌ ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ.




തിരഞ്ഞെടുപ്പുകള്‍ കൃത്രിമമാണെന്ന് പരസ്യമായി പറയുകയും അതേസമയം തന്നെ വോട്ടുതേടി മല്‍സരരംഗത്ത് തുടരുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് ദിപ്‌കെ പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാടിനെതിരെ രംഗത്തെത്തിയത്.


മുന്‍കൂട്ടി ഒത്തുകളിച്ച ഒരു ക്രിക്കറ്റ് മല്‍സരത്തോടാണ് രാജ്യത്തെ നിലവിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെ ദിപ്‌കെ ഉപമിച്ചത്. ഒത്തുകളി മല്‍സരങ്ങളില്‍ പോലും എല്ലാ ക്യാച്ചുകളും ഫീല്‍ഡര്‍മാര്‍ താഴെയിടാറില്ലെന്നും, ആളുകള്‍ക്ക് സംശയം തോന്നാതിരിക്കാനും കളി ജീവസ്സുറ്റതാണെന്ന് തോന്നിപ്പിക്കാനും ചില ക്യാച്ചുകള്‍ എടുക്കുകയും കളി അവസാന ഓവര്‍ വരെ നീട്ടിക്കൊണ്ടുപോവുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ യഥാര്‍ത്ഥ പോരാട്ടം നടക്കുന്നുണ്ടെന്ന് ജനങ്ങളെയും പ്രതിപക്ഷത്തെയും ബോധ്യപ്പെടുത്താനായി ഭരണസംവിധാനം ഒന്നോ രണ്ടോ വിജയങ്ങള്‍ പ്രതിപക്ഷത്തിന് വെച്ചുനീട്ടാറുണ്ട്. ഇത്തരം തുച്ഛമായ നേട്ടങ്ങളില്‍ ഭ്രമിച്ച്‌ തിരഞ്ഞെടുപ്പ് കളിയില്‍ തുടരുന്നത് അട്ടിമറിക്കപ്പെട്ട സംവിധാനത്തിന് സാധുത നല്‍കുക മാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.



അട്ടിമറി നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വീണ്ടും വീണ്ടും പങ്കെടുക്കുന്നത് വഴി ആ തിരഞ്ഞെടുപ്പുകള്‍ നീതിയുക്തവും സുതാര്യവുമാണെന്ന വ്യാജ പ്രതീതി സൃഷ്ടിക്കാനും അത്തരം തെറ്റായ പ്രക്രിയകള്‍ക്ക് ജനങ്ങളുടെ മുന്നില്‍ നിയമസാധുത നേടിക്കൊടുക്കാനുമാണ് പ്രതിപക്ഷം സഹായിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍നിന്ന് മാറിനിന്നാല്‍ രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുമെന്ന ഭയമാണോ പ്രതിപക്ഷത്തെ നയിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. വോട്ടുകള്‍ പരസ്യമായി മോഷ്ടിക്കപ്പെടുകയും, എംഎല്‍എമാരെയും എംപിമാരെയും ചാക്കിട്ടുപിടിക്കുകയും, രാഷ്ട്രീയ പാര്‍ട്ടികളെ പിളര്‍ത്തുകയും ചെയ്യുന്ന ഒരു സംവിധാനത്തില്‍ മത്സരിച്ചതുകൊണ്ട് എന്ത് രാഷ്ട്രീയ അതിജീവനമാണ് ഇവര്‍ നേടാന്‍ പോകുന്നതെന്നും ദിപ്‌കെ പരിഹസിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുന്നുവെന്ന വിഷയം ഓരോ സംസ്ഥാനത്തിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അനുയോജ്യമായ രീതിയില്‍ പ്രതിപക്ഷം സൗകര്യപൂര്‍വ്വം ഉന്നയിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.







പാര്‍ട്ടി നേട്ടങ്ങള്‍ക്കും രാഷ്ട്രീയ നിലനില്‍പ്പിനും അപ്പുറം രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യത്തെയും കുറിച്ച്‌ ചിന്തിച്ച്‌ തിരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറാകണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങളുടെ എതിര്‍പ്പുകള്‍ മറികടന്ന് വോട്ടര്‍പട്ടിക പുതുക്കലില്‍ ഉള്‍പ്പെടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ കൈക്കൊണ്ടുവെന്ന അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെ മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് ദിപ്‌കെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാജി വെച്ചില്ലെങ്കില്‍ ഡല്‍ഹിയില്‍ 'ജന്തര്‍ മന്തര്‍ 2.0' എന്ന പേരില്‍ ശക്തമായ ജനകീയ സമരം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.




Post a Comment

0 Comments