LATEST

6/recent/ticker-posts

പ്ലസ്ടുക്കാർക്ക് 2536 ഒഴിവുകൾ" കേന്ദ്ര സർവീസിൽ അവസരം.

പ്ലസ്ടു പാസായവർക്ക് കേന്ദ്ര ഗവൺമെന്റ് സർവീസിൽ അവസരമൊരുക്കുന്ന കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ (സിഎച്ച്എസ്എൽ) പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്സി) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എൽഡി ക്ലർക്ക്/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലാണ് നിയമനം. നിലവിൽ 2536 ഒഴിവുകളുണ്ട്. ഇതിൽ വർധന വരാം. ഒന്നുരണ്ടും ഘട്ടങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തും. കേരളത്തിൽ എട്ട് പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. പരീക്ഷാ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.

ശമ്പളം: എൽഡി ക്ലർക്ക്/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിൽ 19,900–63,200 രൂപ (ലെവൽ-2), ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ 25,500–81,100 രൂപ (ലെവൽ-4), 29,200–92,300 രൂപ (ലെവൽ-5).


പ്രായം: 2026 ആഗസ്റ്റ് ഒന്നിന് 18-27 വയസ് (അപേക്ഷകർ 02.08.1999-നു മുമ്പോ 01.08.2008-നുശേഷമോ ജനിച്ചവരാവാൻ പാടില്ല). ഉയർന്ന പ്രായപരിധിയിൽ എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് ജനറൽ-10 വർഷം, ഒബിസി- 13 വർഷം, എസ്സി, എസ്ടി- 15 വർഷം എന്നിങ്ങനെ വയസിളവുണ്ട്. വിധവകൾക്കും പുനർവിവാഹിതരാവാത്ത വിവാഹമോചിതർക്കും 35 വയസുവരെ (എസ്സി, എസ്ടി- 40 വയസ് വരെ) അപേക്ഷിക്കാം. വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവ് ലഭിക്കും.

യോഗ്യത: പന്ത്രണ്ടാംക്ലാസ് വിജയ/ തത്തുല്യമാണ് യോഗ്യത. ഉപഭോക്തൃകാര്യ- ഭക്ഷ്യ/ പൊതുവിതരണ മന്ത്രാലയത്തിലെയും സാംസ്കാരിക മന്ത്രാലയത്തിലെയും എസ്എസ്സിയിലെയും ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ മാത്തമാറ്റിക്‌സ് ഉൾപ്പെട്ട സയൻസ് സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ് വിജയിച്ചവരായിരിക്കണം.

അപേക്ഷാഫീസ്: വനിതകൾക്കും എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല. മറ്റുള്ളവർ 100 രൂപ ഓൺലൈനായി അടയ്ക്കണം. ഒക്ടോബർഎട്ട് രാത്രി 11 മണി വരെ ഫീസ് അടയ്ക്കാം.

പരീക്ഷ: ടയർ-I, ടയർ-II എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ നടത്തും. ടയർ-I പരീക്ഷ ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലായിരിക്കും. ഒരു മണിക്കൂറായിരിക്കും സമയം. ഇംഗ്ലീഷ് ലാംഗ്വേജ്, ജനറൽ ഇന്റലിജൻസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (ബേസിക് അരിത്‌മെറ്റിക് സ്കിൽ), ജനറൽ അവേർനസ് എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളം ഉൾപ്പെടെയുള്ള വിവിധ പ്രാദേശിക ഭാഷകളിലും ചോദ്യങ്ങൾ ലഭിക്കും. ഒരു മണിക്കൂറായിരിക്കും പരീക്ഷാസമയം. സ്ക്രൈബിന്റെ സഹായം ആവശ്യമുള്ളവർക്ക് 20 മിനിറ്റ് അധികം അനുവദിക്കും. തെറ്റുത്തരത്തിന് അര മാർക്ക് നെഗറ്റീവുണ്ടായിരിക്കും.

ടയർ-I പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പട്ടിക കാണുക. ടയർ-I പരീക്ഷയിൽനിന്ന് നിശ്ചിത എണ്ണം ഉദ്യോഗാർഥികളെയാണ് ടയർ-II പരീക്ഷയിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യുക. തസ്തികയനുസരിച്ച് സ്കിൽ ടെസ്റ്റ്/ടൈപ്പിങ് ടെസ്റ്റ്/ കംപ്യൂട്ടർ നോളജ് ടെസ്റ്റ് എന്നിവകൂടി ഉൾപ്പെട്ടതായിരിക്കും ടയർ-II പരീക്ഷ. പരീക്ഷകളുടെ വിശദമായ സിലബസ് വിജ്ഞാപനത്തിൽ ലഭ്യമാണ്.

പരീക്ഷാകേന്ദ്രങ്ങൾ: ബെംഗളൂരു ആസ്ഥാനമായുള്ള കെ.കെ.ആർ. റീജ്യണിലാണ് കേരളവും കർണാടകയും ലക്ഷദ്വീപും ഉൾപ്പെടുന്നത്. കേരളത്തിൽ എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. ഒരാൾക്ക് ഒരു റീജ്യണിലെ മൂന്ന് പരീക്ഷാകേന്ദ്രങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കാം. പിന്നീട് മാറ്റാനാവില്ല.

ഓൺലൈനായി അപേക്ഷിക്കണം. https://ssc.gov.in എന്ന വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ (ഒടിആർ) നടത്തിയ ശേഷം അപേക്ഷിക്കാം. my SSC എന്ന മൊബൈൽ ആപ്പ് വഴിയും അപേക്ഷിക്കാൻ സൗകര്യമുണ്ടാവും. അപേക്ഷയോടൊപ്പം ഒപ്പ്, ലൈവ് ഫോട്ടോ എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള മാതൃകയിൽ അപ്‌ലോഡ് ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ ഏഴ് രാത്രി 11 വരെ. അപേക്ഷയിൽ തിരുത്തൽ വരുത്താൻ നിർദിഷ്ട ഫീസോടുകൂടി ഒക്ടോബർ 14 മുതൽ 16 വരെ സമയം അനുവദിച്ചിട്ടുണ്ട്.

Post a Comment

0 Comments