സി.ജെ.പി യോഗം അനുവദിച്ചാൽ തലകീഴായി കെട്ടിത്തൂക്കുമെന്ന് ഉടമകൾക്ക് ഭീഷണി ലഭിച്ചതായി ദിപ്കെ ആരോപിച്ചു.
ഡൽഹി ജന്തർമന്തറിൽ 36 ദിവസം നീണ്ട പ്രക്ഷോഭത്തിന് ശേഷം, പുതിയ സമരമുഖവുമായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). ‘ജന്തർമന്തർ സീസൺ 2’ ഉടൻ ആരംഭിക്കുമെന്ന് പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും ജനകീയ പരാതികളും മുൻനിർത്തി രാജ്യവ്യാപകമായി ‘ലിസണിങ് ടൂർ’ നടത്തുമെന്നും പാർട്ടി വ്യക്തമാക്കി.
ഡൽഹിയിലെ നാരൈനയിൽ നിശ്ചയിച്ചിരുന്ന സി.ജെ.പി പ്രവർത്തകരുടെ യോഗം അവസാന നിമിഷം റദ്ദാക്കേണ്ടി വന്നതിന് പിന്നാലെയാണ് ദിപ്കെയുടെ പ്രഖ്യാപനം. ഭരണകക്ഷിയായ ബി.ജെ.പിയുടെ സമ്മർദ്ദത്തെ തുടർന്നാണ് ബാൻക്വെറ്റ് ഹാൾ ഉടമ ബുക്കിങ് റദ്ദാക്കിയതെന്ന് പാർട്ടി ആരോപിച്ചു.
ഡൽഹിയിൽ പ്രവർത്തകരുടെ യോഗം നടത്താനായി ഹാൾ ബുക്ക് ചെയ്തിരുന്നെങ്കിലും സംഘാടകർ എത്തിയപ്പോഴേക്കും പ്രവേശനം നിഷേധിക്കുകയായിരുന്നു. ‘മുകളിൽ നിന്നുള്ള സമ്മർദ്ദം’ കാരണം ആരും ഹാൾ നൽകാൻ തയ്യാറായില്ലെന്ന് അഭിജീത് ദിപ്കെ പറഞ്ഞു. പ്രദേശത്തെ മറ്റ് വേദികളിൽനിന്നും സമാനമായ രീതിയിൽ അനുമതി നിഷേധിക്കപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.
അവസാന നിമിഷം യോഗത്തിനായി തരപ്പെടുത്തിയ ഹാളിന്റെ ഉടമകൾക്കും രാവിലെ ഭീഷണി നേരിടേണ്ടി വന്നു. സി.ജെ.പി യോഗം അനുവദിച്ചാൽ തലകീഴായി കെട്ടിത്തൂക്കുമെന്ന് ഉടമകൾക്ക് ഭീഷണി ലഭിച്ചതായി ദിപ്കെ ആരോപിച്ചു.
‘ഇതെല്ലാം ചെയ്യുന്നത് ബി.ജെ.പിയാണ്. രാജ്യത്തെ യുവാക്കളെ അവർ ഭയപ്പെടുന്നുണ്ടെന്നാണ് അവരുടെ വാക്കുകളും പ്രവൃത്തികളും വ്യക്തമാക്കുന്നത്. ഇത്തരം നിസ്സാര നടപടികൾകൊണ്ട് ഞങ്ങളെ ഭയപ്പെടുത്താമെന്ന് അവർ കരുതുന്നുവെങ്കിൽ അത് തെറ്റാണ്. എത്ര ഭീഷണിപ്പെടുത്തിയാലും ഞങ്ങൾ ഭയപ്പെടാൻ പോകുന്നില്ല’--അഭീജീത് ദിപ്കെ വ്യക്തമാക്കി."
സി.ജെ.പിയുടെ പേരിൽ ഞങ്ങൾ ഇപ്പോൾ രാജ്യവ്യാപകമായ ഒരു കേൾക്കൽ യാത്രക്ക് തുടക്കം കുറിക്കുകയാണ്. സ്വാതന്ത്ര്യദിനം മുതൽ വിദ്യാഭ്യാസ വിഷയങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് ഞങ്ങൾ പ്രചാരണം നടത്തും’- സൗരവ് ദാസ് പറഞ്ഞു. കഴിവുകെട്ട സർക്കാറുകൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങൾ നടക്കുന്നുണ്ടെന്നും ഇത് തന്നെയാണ് യഥാർഥി ‘സീസൺ ടു’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
0 Comments