താമരശ്ശേര: ശക്തമായ മഴയ്ക്കിടെ താമരശ്ശേരി ചുരത്തിൽ വീണ്ടും കടുത്ത ഗതാഗതക്കുരുക്ക്. ചുരം ആറാം വളവിൽ വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി
തീർത്ഥാടനയാത്ര സ്പെഷ്യൽ ബസ് വൈകുന്നേരം മൂന്നരയോടെ തകരാറിലായതാണ് തടസ്സത്തിന് കാരണമായത് . ഇതേതുടർന്ന് രണ്ടാം വളവ് മുതൽ മുകളിലേക്ക് കിലോമീറ്ററുകളോളം ദൂരത്തിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.
നിലവിൽ ആറാം വളവിൽ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പണി നടക്കുന്നതിനാൽ ഇവിടെ വീതി വളരെ കുറവാണ്. ഈ ഇടുങ്ങിയ ഭാഗത്ത് തന്നെ ബസ് കേടായി കിടക്കുന്നത് മൂലം ഇരുവശങ്ങളിലേക്കുമുള്ള വലിയ വാഹനങ്ങളുടെ യാത്ര പൂർണ്ണമായും തടസ്സപ്പെടാനാണ് സാധ്യത.
ആറാം വളവിൽ വലിയ വാഹനങ്ങൾ തകരാറിലാകുന്നതും തുടർന്ന് ചുരം മണിക്കൂറുകളോളം നിശ്ചലമാകുന്നതും ഇപ്പോൾ ഒരു സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. ചുരത്തിലെ ഈ നിത്യനരകത്തിന് എന്നാണ് ഒരു ശാശ്വത പരിഹാരം ഉണ്ടാകുക എന്ന ചോദ്യമാണ് യാത്രക്കാരും നാട്ടുകാരും ഒരുപോലെ ഉയർത്തുന്നത്. അടിയന്തരമായി ബസ് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.