നെന്മാറ:ക്ഷേത്രത്തിൽക്കയറി ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചെന്ന കേസിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സ്ത്രീ പിടിയിൽ. നെന്മാറ കണിമംഗലം പുഴക്കൽത്തറ ചെരുവിൽ പ്രഭാവതിയെന്ന പ്രസന്ന (42) യെയാണ് പൊലീസ് പിടികൂടിയത്.
കണിമംഗലം പുഴക്കൽത്തറ മാരിയമ്മൻക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പതിനായിരത്തോളം രൂപ മോഷ്ടിച്ചെന്നാണു പരാതി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നെന്മാറ പൊലീസാണ് പ്രതിയെ പിടികൂടിയത്.
ശനിയാഴ്ച രാവിലെ ക്ഷേത്രഭാരവാഹികളെത്തിയപ്പോഴാണ് ഭണ്ഡാരം തുറന്നനിലയിൽ കണ്ടെത്തിയത്. തുടർന്ന്, നെന്മാറ പൊലീസിൽ പരാതി നൽകി. സി.സി.ടി.വി കാമറകൾ പരിശോധിച്ചതിൽനിന്നാണ് പ്രഭാവതിയെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു"
2020-ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് നെന്മാറ ഗ്രാമപഞ്ചായത്തിലേക്ക് 17-ാം വാർഡിൽനിന്ന് ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിച്ച പ്രഭാവതി, മുക്കുപണ്ടം നൽകി തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു."