കോഴിക്കോട്: സീറ്റ് കിട്ടുന്നത് ലോട്ടറി അടിക്കുന്ന പോലെയായെന്നും,പുരുഷന്മാർക്കും ഇരിക്കാൻ കഴിയണം’ -ഇതിനായി സംവരണം അനുവദിക്കണമെന്ന് ബസ് യാത്രിക അസോസിയേഷൻ"
കെ.എസ്.ആർ.ടി.സി ബസുകളിൽ നടപ്പാക്കിയ പ്രിയദർശിനി പദ്ധതി ഹിറ്റായതോടെ പുരുഷന്മാർക്ക് ഇരിക്കാൻ സീറ്റ് കിട്ടാതായതായി പരാതി. അതുകൊണ്ട് പുരുഷന്മാർക്കും സീറ്റ് സംവരണം അനുവദിക്കണമെന്ന ആവശ്യവുമായി അഖില കേരള ബസ് യാത്രിക അസോസിയേഷൻ
രംഗത്തെത്തി.ഹെർണിയ, നടുവേദന, ഹൃദ്രോഗം, ശ്വാസകോശ പ്രശ്നങ്ങൾ തുടങ്ങി പുറമേ കാണാനാകാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ള പുരുഷന്മാർക്കും ഒറ്റ നിൽപ്പിൽ നീണ്ടുനിൽക്കുന്ന യാത്ര വലിയ ബുദ്ധിമുട്ടാകുന്നുവെന്നും നിവേദനത്തിൽ പറയുന്നു.
ഇപ്പോൾ ദിവസേന യാത്ര ചെയ്യുന്നവർ, ദീർഘദൂര യാത്രക്കാർ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് സീറ്റ് കിട്ടാൻ പ്രയാസമായെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. സംവരണ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയിലും സ്വകാര്യ ബസുകളിലും പുരുഷ യാത്രക്കാർക്കും പ്രത്യേക സംവരണ സീറ്റുകൾ വേണമെന്നാണ് ആവശ്യം."
പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി വന്നതോടെ ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണം വലിയതോതിൽ വർധിച്ചു. ചിലപ്പോൾ ‘ഇരിക്കാനല്ല, പിടിച്ചുനിൽക്കാനാണ് ബസ് യാത്ര‘ എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തുന്നതെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ സ്ത്രീകൾ, വയോജനങ്ങൾ, അമ്മയും കുഞ്ഞും, ഭിന്നശേഷിക്കാർ, എന്നിവർക്ക് സംവരണം നിലവിലുണ്ടെങ്കിലും പുരുഷന്മാർക്ക് പ്രത്യേക സീറ്റുകൾ ഇല്ലാത്തത് അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുവെന്നാണ് വാദം.