വാഹന മോഡിഫിക്കേഷന് അനുമതി നൽകുമെന്ന പ്രഖ്യാപനത്തിന് പച്ചക്കൊടി കാണിച്ചിരിക്കുകയാണ് ഗതാഗത കമീഷൻ. സ്റ്റിക്കറുകളും ലൈറ്റുകളും പിടിപ്പിക്കുന്നതടക്കം 18 തരം മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് കാണിച്ച് എം.വി.ഡി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. സർക്കാറിന്റെ അഭിപ്രായം അറിഞ്ഞതിന് ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുക."
എന്നാൽ, ഗതാഗത കമീഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്ന 18 തരം മോഡിഫിക്കേഷന് ഏറെ വിമർശനമാണ് സമൂഹമാധ്യമങ്ങളിലൂടെ മോട്ടോർ വാഹന വകുപ്പും കേരള സർക്കാരും നേരിടുന്നത്. കമീഷണർ പുറത്തുവിട്ട റിപ്പോർട്ടിലെ മോഡിഫിക്കേഷൻസ് ഇതുവരെ ചെയ്തത് നിയമ വിരുദ്ധമായാണെന്ന് പലരും അറിയുന്നത് തന്നെ ഇപ്പോഴാണ്. അതേസമയം, പഞ്ചറായ ടയർ മാറ്റാനും, സൈക്കിൾ ടയറിൽ മുത്തിടാനും അനുമതി തരണം എന്ന രീതിയിൽ പരിഹാസ രൂപേണയും കമന്റുകളും നിറയുന്നുണ്ട്."
സീറ്റ് കവർ, ഫ്ലോർ മാറ്റ്, സ്റ്റീയറിങ് വീൽ കവർ, ഡാഷ് കാം, റിവേഴ്സ് കാം, പാർക്കിങ് സെൻസറുകൾ, ജി.പി.എസ് ട്രാക്കർ, റൂഫ് കാരിയേഴ്സ് തുടങ്ങി സൺ ഫിലിംസ് വരെയുള്ളവക്കാണ് മോഡിഫിക്കേഷനുള്ള അനുമതി നൽകുന്നത്. ഇതിൽ മിക്ക മോഡിഫിക്കേഷൻസും പുതിയ കാറുകളുടെ ഫീച്ചറായി നിർമാതാക്കൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇഷ്ട്ടനുസരണം ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ സ്റ്റിക്കറ്റ് പതിപ്പിക്കാനും കൂടുതൽ ലാമ്പുകൾ ഘടിപ്പിക്കാനും മാത്രമാണ് സർക്കാർ പ്രഖ്യാപിച്ച മോഡിഫിക്കേഷൻ ലിസ്റ്റിൽ ഉൾപ്പെടുന്നതെന്ന് സോഷ്യൽ മീഡിയ കുറ്റപ്പെടുത്തി. അതേസമയം, വാഹനങ്ങളുടെ നിറം മാറ്റാൻ നിശ്ചിത ഫീസ് അടച്ച് പ്രത്യേക അനുമതി വാങ്ങണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നിറം മാറ്റുന്നത് ആർ.സിയിലും മാറ്റം വരുത്തണം."
വാഹന നിർമാതാക്കൾ അനുവദിക്കുന്ന മോഡിഫിക്കേഷന് അപ്പുറമുള്ള ഒരു രൂപമാറ്റവും അനുവദിക്കാൻ സാധിക്കില്ലെന്നാണ് 1988ലെ മോട്ടോർ വാഹന നിയമം വകുപ്പ് 52ൽ പറയുന്നുണ്ട്. കൂടാതെ, കേരള മോട്ടോർ വാഹന ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ വാഹനങ്ങളിലെ രൂപമാറ്റത്തിന് അനുമതി നൽകിയ കേരള ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് തള്ളി 2019ൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നിർണായകമാണ്. ഇത് മറികടന്ന് എങ്ങനെ മോഡിഫിക്കേഷൻ സാധ്യമാകുമെന്നാണ് നിയമവിദഗ്ധരുടെ ചോദ്യം. അപകടമുണ്ടായാൽ ഇൻഷുറൻസ് ക്ലെയിം നിഷേധിക്കാനും മോഡിഫിക്കേഷൻ കാരണമാകുമെന്നും ഈ മേഖലയിലുള്ളവർ പറയുന്നു."