LATEST

6/recent/ticker-posts

കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് വര്‍ധന മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചു??

കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് വര്‍ധന മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചു!. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിക്ക് അഭിവാദ്യങ്ങള്‍ എന്ന പേരില്‍ ഫേസ്ബുക്കില്‍ വ്യാജപ്രചാരണം. 2022-26 കാലയളവില്‍ വീടുകള്‍ക്ക് പെര്‍മിറ്റ് എടുത്തവരെല്ലാം അടച്ച മുഴുവൻ തുകയും ഈ മാസം 26 മുതല്‍ പഞ്ചായത്തുകളില്‍ അപേക്ഷിച്ചാല്‍ തിരികെ ലഭിക്കുമെന്നാണ് ടീം യുഡിഎഫ് എന്ന പേരില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ഉള്ളത്.



പിണറായി വിജയൻന്റെ ധൂർത്തിന് പണം തികയാതെ വന്നപ്പോള്‍ പാവപെട്ട ജനങ്ങളുടെ മേല്‍ കെട്ടിവച്ച ഏറ്റവും വലിയ ക്രൂരത കെട്ടിട നികുതി ആയിരുന്നു.

യുഡിഎഫ് സർക്കാർ അത് പിൻവലിച്ചു എന്ന് മാത്രം അല്ലാ വാങ്ങിച്ച അധിക തുക ജനങ്ങള്‍ക്ക് തിരിച്ചു നല്‍കാൻ ഓർഡർ ആയി. ജനകീയ സർക്കാരിന് അഭിവാദ്യങ്ങള്‍ എന്നും പോസ്റ്റുകകളില്‍ ഉണ്ട്.

എന്നാല്‍ ഇങ്ങനെ ഒരു ഉത്തരവിനെക്കുറിച്ചു വകുപ്പും അറിഞ്ഞിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് അറിയാതെ നിരവധി പേർ ഇതു സർക്കാർ തീരുമാനമാണെന്ന നിലയില്‍ ഷെയർ ചെയുന്നുണ്ട്. ഇത് സമൂഹത്തില്‍ തെറ്റിധാരണ പരത്താനും ഇടയായി.

2023 ഏപ്രില്‍ 10-ന് എല്‍ഡിഎഫ് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുത്തനെ വർദ്ധിപ്പിച്ചിരുന്നു. നിരക്കു വർധന നിലവില്‍ വന്ന 2023 ഏപ്രില്‍ ഒന്നിന് മുമ്പ് താമസം, മറ്റുള്ളവ എന്നീ രണ്ട് വിഭാഗങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. എല്ലാ വിസ്തീർണത്തിനും ഒരേ നിരക്കാണ് ബാധകമായിരുന്നത്. 2023 ഏപ്രില്‍ ഒന്നിന് കെട്ടിടങ്ങളെ വിസ്തീർണത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് സ്ലാബുകളാക്കി തിരിച്ച്‌ വ്യത്യസ്ത നിരക്ക് ഏർപ്പെടുത്തി.

പിന്നീട് ഫീസ് വർധനവിനെതിരെ പ്രതിഷേധങ്ങള്‍ ഉയർന്നതിനെത്തുടർന്ന് സർക്കാർ നിലപാടില്‍ മാറ്റം വരുത്തി. 2024 ഓഗസ്റ്റ് മുതല്‍ നിലവില്‍ വരുന്ന രീതിയില്‍ ഈ നിരക്കുകളില്‍ 50 ശതമാനം വരെ കുറവ് രേഖപ്പെടുത്തിക്കൊണ്ട് പുതിയ ഉത്തരവിറക്കുകയും ചെയ്തിരുന്നു.

നാമമാത്രമായ പെർമിറ്റ് ഫീസായിരുന്നു മുൻപുണ്ടായിരുന്നത്. കാലാനുസൃതമായി പെർമിറ്റ് ഫീസ് വർധിപ്പിക്കാത്തത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെയും വരുമാനത്തെയും കാര്യമായി ബാധിച്ചപ്പോഴാണ് സർക്കാർ പെർമിറ്റ് ഫീസ് വർധിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്തത്.

കേരളത്തിലെ നഗരസഭകളുടെ വരുമാനം സംസ്ഥാന ജിഡിപിയുടെ അനുപാതത്തില്‍ വർധിക്കണമെന്നത് കേന്ദ്ര ധനകാര്യ കമ്മിഷന്റെ നിബന്ധനയാണ്.

ഈ വരുമാനത്തിന്റെ തോത് കൈവരിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടി 24 നഗരസഭകളുടെ ധനകാര്യ കമ്മിഷൻ ഗ്രാന്റ് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതുവരുമാനം വർധിപ്പിക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സിഎജിയും സംസ്ഥാന ധനകാര്യ കമ്മിഷനും നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ ഭാഗമായാണ് സർക്കാർ ഫിസ് വർധിപ്പിച്ചത്