LATEST

6/recent/ticker-posts

രണ്ടാം ദിവസവും ചുരത്തിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷം; യാത്രാ ദുരിതത്തിലായി രോഗികളും പൊതുജനങ്ങളും

താമരശ്ശേരി: ചുരത്തിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക് രണ്ടാം ദിവസവും തുടരുന്നു. ഇന്നലെ അർദ്ധരാത്രി പിന്നിട്ട് ഇന്ന് പുലർച്ചെ രണ്ടു മൂന്ന് മണി വരെ നീണ്ടുനിന്ന കനത്ത ബ്ലോക്കിന് ശേഷം, ഇന്ന് രാവിലെ മുതൽ വീണ്ടും ചുരം കയറുന്ന പാതയിൽ വാഹനങ്ങളുടെ വൻ നിരയാണ് ദൃശ്യമാകുന്നത്. ചുരം കയറാനുള്ള വശത്ത് വാഹനങ്ങൾ ഒന്നിനുപുറകെ ഒന്നായി ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയാണുള്ളത്. ഇന്നലെ വൈകിട്ട് മുതൽ ചുരത്തിലും വയനാടിന്റെ വിവിധ ഭാഗങ്ങളിലും പെയ്ത അതിശക്തമായ മഴ ദുരിതം ഇരട്ടിയാക്കി. മണിക്കൂറുകളോളം കാത്തുനിന്നിട്ടും ചുരം കയറാൻ സാധിക്കാത്തതിനെ തുടർന്ന് ഇന്നലെ രാത്രി ഒരുപാട് യാത്രക്കാരാണ് അടിവാരത്തുനിന്നും യാത്ര ഉപേക്ഷിച്ച് മടങ്ങിപ്പോയത്. ഇന്ന് രാവിലെ മുതൽ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ കൂട്ടത്തോടെ എത്തുന്നതിനാൽ ഇന്നും നാളെയും ഇതേ കുരുക്ക് തുടരാൻ തന്നെയാണ് സാധ്യത.








​ഈ അതിരൂക്ഷമായ ഗതാഗത തടസ്സം മൂലം വയനാട് സ്വദേശികളായ സാധാരണ ജനങ്ങളാണ് ഏറ്റവും കൂടുതൽ ദുരിതത്തിലായിരിക്കുന്നത്. കോഴിക്കോട്ടെ വിവിധ ആശുപത്രികളിലേക്ക് അടിയന്തര ചികിത്സയ്ക്കായി പോകേണ്ട രോഗികൾ, മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തവർ, കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ കയറാൻ പോകുന്നവർ എന്നിവരുൾപ്പെടെയുള്ള അത്യാവശ്യ യാത്രക്കാർ വഴിയിൽ കുടുങ്ങി ശ്വാസം മുട്ടുകയാണ്. കൃത്യസമയത്ത് ലക്ഷ്യസ്ഥാനങ്ങളിൽ എത്താനാകാതെ വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും കടുത്ത പ്രതിസന്ധി നേരിടുന്നു. ഇന്ന് വൈകുന്നേരത്തോടെ വിനോദസഞ്ചാരികൾ കൂട്ടത്തോടെ ചുരം തിരിച്ചിറങ്ങാൻ കൂടി തുടങ്ങുന്നതോടെ ഗതാഗതക്കുരുക്ക് ഇതിലും ഭീകരമാകാനാണ് സാധ്യത. നിലവിലെ ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, ആശുപത്രി സംബന്ധമായ ആവശ്യങ്ങൾക്കല്ലാതെ മറ്റ് അത്യാവശ്യമല്ലാത്ത ചുരത്തിലൂടെയുള്ള യാത്രകൾ പൊതുജനങ്ങൾ പരമാവധി ഒഴിവാക്കുന്നതാണ് ഉചിതമെന്ന് അധികൃതർ അറിയിക്കുന്നു.