മൂവാറ്റുപുഴ: പള്ളിയില്‍ പോയ സമയം നോക്കി 'ആണ്‍വേഷത്തില്‍' വന്ന് കവര്‍ച്ച, കിടപ്പുരോഗിയുടെ 10 പവന്‍ കവര്‍ന്ന ഹോം നഴ്‌സും കൂട്ടുകാരിയും കുടുങ്ങി
തമിഴ്നാട് മധുര സ്വദേശിനി സുധ ശങ്കര് (38), ദിണ്ടിക്കല് സ്വദേശിനി ലക്ഷ്മി (46) എന്നിവരെയാണ് മൂവാറ്റുപുഴ പൊലിസ് അറസ്റ്റ് ചെയ്തത്. അന്വേഷണം വഴിതിരിച്ചുവിടാന് സിനിമ സ്റ്റൈലില് ആണ്വേഷം കെട്ടിയാണ് പ്രതികള് കവര്ച്ച നടത്തിയത്.
മാറാടി മഞ്ചരിപ്പടി സ്വദേശിനി മറിയാമ്മയുടെ (84) സ്വര്ണാഭരണങ്ങളാണ് പ്രതികള് കവര്ന്നത്. മറിയാമ്മയുടെ വീട്ടിലെ ഹോം നഴ്സായ സുധയും കൂട്ടുകാരി ലക്ഷ്മിയും ചേര്ന്നാണ് കവര്ച്ച ആസൂത്രണം ചെയ്തത്. ശനിയാഴ്ച തന്നെ ലക്ഷ്മി മറിയാമ്മയുടെ വീട്ടിലെത്തി ആരുമറിയാതെ ഒളിച്ചിരുന്നു.
ഞായറാഴ്ച രാവിലെ വീട്ടുകാര് പള്ളിയില് പോയ സമയം നോക്കി, പാന്റും ഷര്ട്ടും ധരിച്ച് പുരുഷ വേഷത്തിലെത്തിയ ലക്ഷ്മി വയോധികയുടെ ദേഹത്തുണ്ടായിരുന്ന സ്വര്ണം ബലംപ്രയോഗിച്ച് ഊരിയെടുക്കുകയായിരുന്നു. ഈ സമയം ഹോം നഴ്സായ സുധ വീട്ടിലെ ശുചിമുറിയില് ഒളിച്ചിരുന്നു. മോഷണത്തിന് ശേഷം സ്വര്ണം വീട്ടുപറമ്പിലെ മാലിന്യം കത്തിക്കുന്ന സ്ഥലത്ത് കുഴിച്ചിട്ടാണ് ലക്ഷ്മി രക്ഷപ്പെട്ടത്.
സംഭവത്തിന് ശേഷം ലക്ഷ്മി മുമ്പ് ജോലി ചെയ്തിരുന്ന വീട്ടില് എത്താതിരുന്നതിനെ തുടര്ന്ന് വീട്ടുകാര് സുധയുടെ ഫോണിലേക്ക് വിളിച്ചതാണ് കേസില് വഴിത്തിരിവായത്. ഈ നമ്പര് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില് പൊലിസ് ലക്ഷ്മിയുടെ താമസസ്ഥലത്തെത്തുകയും അവിടെയുള്ള മുഷിഞ്ഞ പുരുഷ വസ്ത്രങ്ങള് കണ്ട് സംശയം തോന്നുകയുമായിരുന്നു.
തുടര്ന്ന് സമീപത്തെ പള്ളിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതോടെ കള്ളം പൊളിഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് മോഷണവിവരം പുറത്തായത്.