ഉള്ളിയിലും വെളുത്തുള്ളിയിലും 'തമസിക്' (നെഗറ്റീവ്) എനർജി അടങ്ങിയിട്ടുണ്ടോ എന്ന് ശാസ്ത്രീയ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അഞ്ച് പൊതുതാല്‍പ്പര്യ ഹർജികള്‍ സുപ്രീം കോടതി തള്ളി.
അഭിഭാഷകനായ സച്ചിൻ ഗുപ്ത സമർപ്പിച്ച ഹർജികള്‍ നിസ്സാരവും അടിസ്ഥാനരഹിതവുമാണെന്ന് നിരീക്ഷിച്ച കോടതി, ഹർജിക്കാരനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി ഉള്‍പ്പെട്ട ബെഞ്ചാണ് ഹർജികള്‍ പരിഗണിച്ചത്. "നിങ്ങള്‍ ഈ ഹർജികളെല്ലാം അർദ്ധരാത്രിയിലാണോ തയ്യാറാക്കുന്നത്? കോടതിയുടെ വിലപ്പെട്ട സമയം ഇത്തരം കാര്യങ്ങള്‍ക്കായി മെനക്കെടുത്തരുത്," എന്ന് ചീഫ് ജസ്റ്റിസ് തുറന്നടിച്ചു. ഇത്തരം അനാവശ്യ ഹർജികള്‍ പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, പരാതിക്കാരന്റെ വാദങ്ങളെല്ലാം തള്ളിക്കളഞ്ഞു.
പരമ്പരാഗതമായി ഉള്ളി, വെളുത്തുള്ളി എന്നിവ ഒഴിവാക്കുന്ന ജൈന സമൂഹത്തിന്റെ ഭക്ഷണരീതികളെ പരാമർശിച്ചുകൊണ്ട്, അവയെ 'തമസിക്' ഭക്ഷണമായി വിശേഷിപ്പിച്ചാണ് ഹർജി സമർപ്പിച്ചത്. ഹർജിയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്ത കോടതി, ജൈന സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താൻ എന്തിനാണ് ശ്രമിക്കുന്നതെന്നും ചോദിച്ചു. എന്നാല്‍ ഈ വിഷയം കൂടുതല്‍ ആശങ്കാജനകമാണെന്ന് ഹർജിക്കാരൻ പറഞ്ഞു, ഭക്ഷണത്തില്‍ ഉള്ളി ഉപയോഗിച്ചതിന്റെ പേരില്‍ ഗുജറാത്തില്‍ വിവാഹമോചനം നടന്നിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കടുത്ത അതൃപ്തി പ്രകടിപ്പിച്ച ബെഞ്ച്, ഭാവിയില്‍ സമാനമായ ഹർജികള്‍ ഫയല്‍ ചെയ്യുന്നതിനെതിരെ ഹർജിക്കാരന് മുന്നറിയിപ്പ് നല്‍കി.അഭിഭാഷകനല്ലായിരുന്നെങ്കില്‍ ഹർജിക്കാരനില്‍ നിന്ന് മാതൃകാപരമായ ചിലവുകള്‍ കോടതി ഈടാക്കുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.