Monday, March 2, 2026

മായാ കൊയ്നെ അന്തർദേശീയ പുരസ്‌കാരം കാരുണ്യതീരത്തിന്

പൂനൂർ: ഭിന്നശേഷി മേഖലയിലെ സമഗ്രവും സമർപ്പിതവുമായ സേവന പ്രവർത്തനങ്ങൾക്ക് കോഴിക്കോട് ജില്ലയിലെ പൂനൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാരുണ്യതീരത്തിന് 2026ലെ മായാ കൊയ്നെ അവാർഡ് ലഭിച്ചു. തമിഴ്നാട്ടിലെ മധുരൈയിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ എക്സ്പീരിയൻസിങ് സോഷ്യോ കൾച്ചറൽ ഇന്ററാക്ഷൻ (CESCI)യുടെ നേതൃത്വത്തിൽ മാർച്ച് 2,ന് സി.ഇ.എസ്.സി.ഐ ക്യാംപസിൽ പുരസ്കാര വിതരണം നടക്കും.






സാമൂഹ്യനീതി, സമാധാനം, മനുഷ്യാവകാശ സംരക്ഷണം, ദാരിദ്ര്യവും അസമത്വവും എതിർക്കുന്ന ഇടപെടലുകൾ എന്നിവയിൽ ശ്രദ്ധേയ പ്രവർത്തനം നടത്തുന്ന സാമൂഹിക പ്രവർത്തകരെയും സമാധാന പ്രവർത്തകരെയും ആദരിക്കുന്ന അന്താരാഷ്ട്ര അംഗീകാരമാണ് മായാ കൊയ്നെ അവാർഡ്. സമാധാനവും അഹിംസയും പ്രചരിപ്പിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഭാവനകളെ ആഗോളതലത്തിൽ ഉയർത്തിക്കാട്ടുകയാണ് ഈ പുരസ്കാരത്തിന്റെ ലക്ഷ്യം.

2000-ലാണ് അവാർഡ് സ്ഥാപിച്ചത്. സി.ഇ.എസ്.സി.ഐയുടെ സ്ഥാപകയായ  മായാ കൊയ്നെയുടെ സ്മരണാർത്ഥമാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. സാമൂഹ്യനീതിയോടും സാംസ്കാരിക സൗഹൃദത്തോടും അവർക്കുണ്ടായിരുന്ന അചഞ്ചല പ്രതിബദ്ധതയാണ് ഇന്നും അവാർഡിന്റെ ആത്മാവായി നിലനിൽക്കുന്നത്.






2010 മുതൽ ഹെൽത്ത് കെയർ ഫൗണ്ടേഷന് കീഴിൽ  ഭിന്നശേഷി മേഖലയെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന കാരുണ്യതീരം  ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിപരിമിതി, ബഹുവൈകല്യങ്ങൾ എന്നിവയുള്ള കുട്ടികൾക്കും മുതിർന്നവർക്കുമായി വിദ്യാഭ്യാസം, ചികിത്സ, പുനരധിവാസം, ദീർഘകാല സംരക്ഷണം എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര സേവന മാതൃകയാണ് നടപ്പിലാക്കുന്നത്. ‘കാരുണ്യതീരം’ സ്പെഷ്യൽ സ്കൂൾ, ‘പ്രതീക്ഷാഭവൻ’ പുനരധിവാസ കേന്ദ്രം, ഫാസ് കമ്മ്യൂണിറ്റി മാനസികാരോഗ്യ ക്ലിനിക്ക്, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, സാമൂഹിക ബോധവൽക്കരണ ക്യാംപയിനുകൾ എന്നിവ മുഖേന നൂറുകണക്കിന് പേർക്ക് പ്രതിദിനം സേവനം ലഭ്യമാകുന്നു.








കുടുംബപിന്തുണയില്ലാത്ത ഭിന്നശേഷിക്കാർക്ക് 24 മണിക്കൂർ പരിപാലനവും സുരക്ഷിത താമസവും ഉറപ്പാക്കുന്ന ‘കാരുണ്യതീരം പ്രതീക്ഷാഭവൻ’ സംസ്ഥാനതലത്തിൽ ശ്രദ്ധേയ മാതൃകയായി വിലയിരുത്തപ്പെടുന്നു. ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിനായി തൊഴിൽപരിശീലനം, ജീവിതനൈപുണ്യ വികസനം, സാമൂഹിക പുനരധിവാസം എന്നിവയും ഫൗണ്ടേഷൻ സജീവമായി നടപ്പിലാക്കുന്നു.







25-ാമത് മായാ കൊയ്നെ അവാർഡ് ചടങ്ങ് മാർച്ച് 2ന് വൈകുന്നേരം 4 മണിക്ക് ആരംഭിക്കും. വിവിധ സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും സാമൂഹിക-സമാധാന പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കും. സമാധാനവും സാമൂഹ്യനീതിയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വ്യക്തികളും സംഘടനകളും തമ്മിലുള്ള ആശയവിനിമയത്തിനും സഹകരണത്തിനും വേദിയൊരുക്കുന്നതാണ് ചടങ്ങിന്റെ പ്രധാന ലക്ഷ്യം.








ദീർഘകാല സമർപ്പിത സേവനത്തിനും ഭിന്നശേഷി മേഖലയിലെ സമഗ്ര പുനരധിവാസ പ്രവർത്തനങ്ങൾക്കും ലഭിച്ച അന്താരാഷ്ട്ര അംഗീകാരമായാണ് കാരുണ്യതീരം ഈ പുരസ്കാരത്തെ വിലയിരുത്തുന്നത്.


കൊടുവള്ളി മാനിപുരത്ത് യുവാവിനെ വീട്ടില്‍ മരി. ച്ച നിലയില്‍ കണ്ടെത്തി.

കൊടുവള്ളി: കൊടുവള്ളി മാനിപുരത്ത് യുവാവിനെ വീടിനുള്ളില്‍ മ.  രിച്ച നിലയില്‍ കണ്ടെത്തി. മാനിപുരം കളരാന്തിയില്‍ താമസക്കാരനായ മഹേഷാ...