താമരശ്ശേരി: പെരുന്നാൾ ദിനത്തിൽ വീട് കുത്തിത്തുറന്ന് ഏഴ് പവൻ സ്വർണം കവർന്നു. വെളിമണ്ണ സ്വദേശി ജുനൈദിന്റെ ഭാര്യ വീട്ടിലാണ് മോഷണം നടന്നത്.ജുനൈദിന്റെ ഭാര്യയുടെയും മകളുടെയും സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
പെരുന്നാൾ ദിവസം ഉച്ചയ്ക്ക് ശേഷം 3:15-ഓടെ വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്. രാത്രി 8:15-ന് ഇവർ തിരിച്ചെത്തിയപ്പോഴാണ് വീട് തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ്, ബെഡ്റൂമിലെ അലമാരയും തകർത്ത് സ്വർണ്ണം കൈക്കലാക്കുകയായിരുന്നു.
സംഭവത്തിൽ താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. സിവിൽ പോലീസ് ഓഫീസർ സാബുവിന്റെ നേതൃത്വത്തിലുള്ള സംഘവും ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.