കൊല്ലം: കൊല്ലം കലക്ടറേറ്റ് സ്ഫോടനത്തിലൂടെ തകർക്കുമെന്ന് വ്യാജ സന്ദേശം നൽകിയ മയ്യനാട് സ്വദേശി പ്രമോദ് ജോണിനെ (44) പൊലീസ് കസ്റ്റഡിയിലെടുത്തു. ജയിലിലെ ‘ഭക്ഷണം’ ലക്ഷ്യമിട്ടാണ് യുവാവ് ഇത്തരമൊരു കടുംകൈ ചെയ്തത്.
വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് പൊലീസിന്റെ 112 എന്ന ടോൾഫ്രീ നമ്പറിലേക്ക് കലക്ടറേറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന കോൾ എത്തിയത്. 50 മിനിറ്റിനുള്ളിൽ സ്ഫോടനം നടക്കുമെന്നായിരുന്നു മുന്നറിയിപ്പ്. സ്വന്തം ഫോണിൽ നിന്നാണ് വിളിച്ചതെന്നതിനാൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് മിനിറ്റുകൾക്കുള്ളിൽ പ്രതിയുടെ വീട്ടിലെത്തി. തന്നെ പിടിക്കാൻ പൊലീസ് എത്തുമെന്ന് പ്രതീക്ഷിച്ച് വീടിന് മുന്നിൽ തന്നെ നിൽക്കുകയായിരുന്നു പ്രമോദ്. മുമ്പ് ഒരു കേസിൽ 15 ദിവസം ജയിലിൽ കഴിഞ്ഞപ്പോൾ അവിടെ കൃത്യസമയത്ത് ലഭിച്ചിരുന്ന ഭക്ഷണത്തോടുള്ള താല്പര്യമാണ് ഈ നീക്കത്തിന് പിന്നിലെന്ന് പ്രമോദ് മൊഴി നൽകി.