Monday, October 6, 2025

എല്ലാതരം വിസയുള്ളവർക്കും ഉംറ നിർവ്വഹിക്കാം

റിയാദ്: സൗദിയിലേക്ക് ഏത് വിസയിൽ പ്രവേശിക്കുന്ന മുസ്ലിംകൾക്കും ഉംറ കർമ്മങ്ങൾ നിർവ്വഹിക്കാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു. സൗദിയിൽ തങ്ങുന്ന കാലയളവിൽ എല്ലാതരം വിസകളുള്ളവർക്കും ഉംറ നിർവഹിക്കാൻ തടസ്സങ്ങളില്ല.

ടൂറിസ്റ്റ് വിസകളിൽ രാജ്യത്തെത്തുന്നവർക്ക് നിലവിൽ ഉംറ നിർവഹിക്കാൻ സാധിക്കില്ലെന്നും അത്തരം വിസക്കാർക്ക് സൗദിയിലുളള ഏതെങ്കിലും വിദേശിയുടെ ഇഖാമയുമായി അവരുടെ വിസ ബന്ധിപ്പിച്ചാൽ മാത്രമേ ഉംറ പെർമിറ്റുകൾ അനുവദിക്കാൻ സാധിക്കൂവെന്ന തെറ്റായ വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ചുകൊണ്ടാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെ പുതിയ അറിയിപ്പ്
വ്യക്തിഗത, ഫാമിലി സന്ദർശക വിസകൾ, ഇലക്ട്രോണിക് ടൂറിസ്റ്റ് വിസകൾ, ട്രാൻസിറ്റ് വിസകൾ, വർക്ക് വിസകൾ, മറ്റ് തരത്തിലുള്ള വിസകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി. ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്ക് ഉംറ കർമ്മങ്ങൾ എളുപ്പത്തിലും മനസ്സമാധാനത്തോടെയും നിർവ്വഹിക്കാൻ സൗകര്യമൊരുക്കുന്ന സൗദി അറേബ്യയുടെ സമീപനത്തിൻ്റെ തുടർച്ചയാണ് ഈ നടപടിയെന്നും മന്ത്രാലയം അറിയിച്ചു.


തീർഥാടകർക്കുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും, കിരീടാവകാശിയുടെ വിഷൻ 2030 ലക്ഷ്യങ്ങൾക്കനുസൃതമായി ഹജ്ജ്, ഉംറ സംവിധാനം നൽകുന്ന സേവനങ്ങളുടെ ഗുണഭോക്താക്കളുടെ വലയം വികസിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമാണിത്. ഉംറ നിർവ്വഹിക്കാൻ ആഗ്രഹിക്കുന്നവർക്കായി അടുത്തിടെ 'നുസുക് ഉംറ' പ്ലാറ്റ്‌ഫോം ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. ഈ പ്ലാറ്റ്‌ഫോം വഴി തീർഥാടകർക്ക് എളുപ്പത്തിൽ പ്രവേശിക്കാനും, അനുയോജ്യമായ പാക്കേജ് തിരഞ്ഞെടുക്കാനും, ഉംറ പെർമിറ്റ് ഇലക്ട്രോണിക് ആയി ഇഷ്യൂ ചെയ്യാനും സാധിക്കും. ഈ സംയോജിത ഡിജിറ്റൽ സംവിധാനം, ഗുണഭോക്താക്കൾക്ക് സേവനങ്ങൾ ബുക്ക് ചെയ്യാനും സൗകര്യപ്രദമായ അപ്പോയിൻ്റ്‌മെൻ്റുകൾ തിരഞ്ഞെടുക്കാനും പൂർണ്ണമായ സൗകര്യം നൽകുന്നു.

No comments:

Post a Comment

മുസ്തഫല്‍ ഫൈസി ഇനി കാന്തപുരത്തിനൊപ്പം

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മുസ്തഫല്‍ ഫൈസി ഇനി കാന്തപുരത്തിനൊപ്പം മര്‍കസ് ന...