മുക്കം: സാധാരണ മാവേലി പ്രജകളെ കാണാൻ എത്തുന്നത് പാതാളത്തിൽ നിന്നാണല്ലോ,എന്നാൽ ആ പഴയകാല മൊക്കെ പോയി.... ഇപ്പൊ എങ്ങിനെയും, എവിടെ നിന്നും മാവേലി തമ്പുരാൻ വരുമെന്ന് പടച്ച തമ്പുരാനെ അറിയൂ...ഇതാ ഒരു വെറൈറ്റി വരവ്, അതും നമ്മുടെ നാട്ടിൽ....
ചൂരൽ മലയിലും മുണ്ടക്കൈലുമൊക്കെ സ്വീപ്പ്‌ലൈൻ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്ന കാഴ്‌ച ഏവരും ആശങ്കയോട് കൂടിയും ചങ്കിടിപ്പോടെയുമായാണ്കണ്ടത്. എന്നാൽ അതേ സ്വീപ്പ്ലൈൻ ഉപയോഗിച്ച് ഒരു ഓണാഘോഷ പരിപാടി സംഘടിപ്പിച്ചിരിക്കുകയാണ് മുക്കം അഗ്നി രക്ഷാ നിലയം.
ഓണം കളർ ആക്കാൻ സ്വീപ്പ് ലൈനിലൂടെയാണ് ഇത്തവണ മാവേലി പറന്നിറങ്ങിയത്. ഇങ്ങനെയൊരു വെറൈറ്റി ഓണാഘോഷത്തിന് പിന്നിൽ പ്രവർത്തിച്ചത് മുക്കം ഫയർ യൂണിറ്റ് റിക്രിയേഷൻ ക്ലബ്ബാണ്.
എവിടെയെങ്കിലും കുടുങ്ങിപ്പോയവരെയും ഒറ്റപ്പെട്ടവരെയും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാനുള്ള സംവിധാനമാണ് റോപ്പ് റസ്ക്യൂ സ്വിപ്പ് ലൈൻ. എന്നാൽ രക്ഷാപ്രവർത്തനത്തിന് മാത്രമല്ല, മാവേലിക്ക് പറന്നിറങ്ങാനും ഈ റോപ്പ് റെസ്ക്യൂ സ്വീപ്പ്ലൈൻ ഉപകരിക്കുമെന്നാണ് മുക്കം അഗ്നിരക്ഷാസേനയുടെ ഓണാഘോഷം കാണിച്ചുതരുന്നത്.