LATEST

6/recent/ticker-posts

ദീപാവലി ഓഫറുകളില്‍ ജാഗ്രത, വ്യാജ ലിങ്കുകളും ക്യൂആര്‍ കോഡ് തട്ടിപ്പുകളും, മുന്നറിയിപ്പുമായി ഫോണ്‍പേ

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍പേ രംഗത്ത്.



റിവാര്‍ഡുകളും ക്യാഷ്ബാക്കുകളും വാഗ്ദാനം ചെയ്ത് ഉപയോക്താക്കളെ ലക്ഷ്യമിട്ട് വ്യാജ ലിങ്കുകളും ക്യൂആര്‍ കോഡുകളും പ്രചരിക്കുന്നതായാണ് കമ്പനി വ്യക്തമാക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയെത്തുന്ന ഇത്തരം പ്രലോഭനങ്ങളില്‍ വീണ് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യുപിഐ പിന്‍ നല്‍കിയാല്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.

പണം സ്വീകരിക്കുന്നതിനോ റിവാര്‍ഡുകള്‍ കൈപ്പറ്റുന്നതിനോ ഒരിക്കലും യുപിഐ പിന്‍ നല്‍കേണ്ട ആവശ്യമില്ലെന്ന കാര്യം ഉപയോക്താക്കള്‍ എപ്പോഴും ഓര്‍ക്കണം. പണം കൈമാറുമ്പോള്‍ മാത്രമേ പിന്‍ നല്‍േകണ്ടതുള്ളൂ. കടകളില്‍ പതിപ്പിച്ചിരിക്കുന്ന യഥാര്‍ത്ഥ ക്യൂആര്‍ കോഡുകള്‍ക്ക് മുകളില്‍ വ്യാജ സ്റ്റിക്കറുകള്‍ ഒട്ടിച്ചും വ്യാപകമായി തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. അതിനാല്‍ പണം അയക്കുന്നതിന് മുന്‍പ് സ്വീകരിക്കുന്നയാളുടെ പേര് കൃത്യമാണോ എന്ന് പരിശോധിക്കുകയും, മുന്‍കൂട്ടി അറിയിപ്പില്ലാത്ത പേയ്മെന്റ് അഭ്യര്‍ത്ഥനകളും സംശയാസ്പദമായ ലിങ്കുകളും പൂര്‍ണ്ണമായി ഒഴിവാക്കുകയും വേണം.



തട്ടിപ്പുകളില്‍ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി ഫോണ്‍പേ ആപ്പില്‍ 'പ്രൊട്ടക്റ്റ്' സംവിധാനവും ബയോമെട്രിക് ഓതന്റിക്കേഷനും സജ്ജീകരിച്ചിട്ടുണ്ട്. ഒടിപി, പാസ്വേഡ് തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ ആരുമായും പങ്കുവെക്കരുത്. തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ ഫോണ്‍പേ ആപ്പിലെ 'ഹെല്‍പ്പ്' സെക്ഷന്‍ വഴിയോ, ദേശീയ സൈബര്‍ ക്രൈം ഹെല്‍പ്പ്ലൈന്‍ നമ്പറില്‍ വിളിച്ചോ അല്ലെങ്കില്‍ പോര്‍ട്ടല്‍ വഴിയോ പരാതിപ്പെടാവുന്നതാണ്.

Post a Comment

0 Comments