ഉത്തർപ്രദേശിലെ വോട്ടർ പട്ടികയില്‍ കോടിക്കണക്കിന് ഹിന്ദുക്കളുടെ പേരുകള്‍ ഒഴിവാക്കപ്പെട്ടതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ലഖ്നൗവില്‍ ബി ജെ പി സംസ്ഥാന നിർവ്വാഹക സമിതി യോഗത്തിലാണ് അദ്ദേഹം ഈ അവകാശവാദം ഉന്നയിച്ചത്. സംസ്ഥാനത്ത് 1.27 കോടി ഹിന്ദുക്കളുടെ പേരുകള്‍ വോട്ടർ പട്ടികയില്‍ നിന്ന് വിട്ടുപോയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അർഹരായ മുഴുവൻ വോട്ടർമാരെയും പട്ടികയില്‍ ഉള്‍പ്പെടുത്താൻ പാർട്ടി പ്രവർത്തകർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശം നല്കി.
വോട്ടർമാരെ ഇത്തരത്തില്‍ ഒഴിവാക്കിയത് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 28 മണ്ഡലങ്ങളില്‍ ബിജെപിയുടെ വിജയസാധ്യതയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാ കണക്കുകള്‍ പരിശോധിച്ചാല്‍ ഉത്തർപ്രദേശില്‍ 16 കോടിയിലധികം വോട്ടർമാർ ഉണ്ടാകേണ്ടതാണെന്നും എന്നാല്‍ നിലവില്‍ ഏകദേശം 13 കോടി വോട്ടർമാർ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യോഗ്യരായ എല്ലാ വോട്ടർമാരുടെയും പേര് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബൂത്ത് ലെവല്‍ ഓഫീസർമാരുമായി ചേർന്ന് പ്രവർത്തിക്കാൻ ബിജെപി പ്രവർത്തകർക്ക് യോഗി നിർദേശം നല്കി. ഹിന്ദു വോട്ടർമാരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങള്‍ക്ക് എംപിമാരും എംഎല്‍എമാരും പാർട്ടി ഭാരവാഹികളും നേതൃത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടർപട്ടികയിലുള്ള 66 ലക്ഷം പേരുടെ വിവരങ്ങള്‍ നിയമസഭാ മണ്ഡലങ്ങളിലെ പട്ടികയിലില്ലെന്ന് യോഗി പറഞ്ഞു. കൂടാതെ, സർക്കാർ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായ 55 ലക്ഷം പേരും 18-19 പ്രായപരിധിയിലുള്ള ഏകദേശം 4.5 ലക്ഷത്തോളം യുവാക്കളും വോട്ടർപട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ എസ്ഐആർ പുനഃപരിശോധനാ പ്രക്രിയയിലൂടെ കേവലം നാലുലക്ഷം വോട്ടർമാരെ മാത്രമാണ് സംസ്ഥാനത്ത് കൂട്ടിച്ചേർക്കാൻ കഴിഞ്ഞതെന്നതിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു.
0 Comments