LATEST

6/recent/ticker-posts

മൂത്രം ഉണ്ടാകുന്നത് നാം കുടിക്കുന്ന വെള്ളത്തിൽ നിന്നാണോ?.

കൂടുതൽ വെള്ളമോ ജ്യൂസോ കുടിക്കുന്നത് കൊണ്ടാണ് മൂത്രമുണ്ടാകുന്നത് എന്നാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും വിചാരിക്കുന്നത്. എന്നാൽ, മൂത്രം യഥാർത്ഥത്തിൽ ഉണ്ടാകുന്നത് നാം കുടിക്കുന്ന പാനീയങ്ങളിൽ നിന്നല്ല, മറിച്ച് നമ്മുടെ രക്തത്തിൽ നിന്നാണ് എന്ന് നിങ്ങൾക്കറിയാമോ?






മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലെ യൂറോളജിസ്റ്റും റീനൽ ട്രാൻസ്പ്ലാന്റ് സർജനുമായ ഡോ. ശ്യാം വർമ്മ ഇതിനെക്കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെയാണ്: "അതെ, മൂത്രം ഉണ്ടാകുന്നത് രക്തത്തിൽ നിന്നാണ്, നിങ്ങൾ കുടിക്കുന്ന ദ്രാവകങ്ങളിൽ നിന്ന് നേരിട്ടല്ല. നിങ്ങൾ കുടിക്കുന്ന വെള്ളം ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ വൃക്കകൾ നിരന്തരം ഫിൽട്ടർ ചെയ്ത് മൂത്രമാക്കുന്നത് രക്തത്തിലെ പ്ലാസ്മയെയാണ്."

Also read- ദൈവങ്ങളുടെയും ബലിദാനികളുടെയും പേരില്‍ സത്യപ്രതിജ്ഞ;
 20 കൗണ്‍സിലര്‍മാരുടെ നടപടി ഹൈക്കോടതി അസാധുവാക്കി








ശരീരത്തിലെ മാലിന്യങ്ങളും അധികമുള്ള ഘടകങ്ങളും നീക്കം ചെയ്ത് ആരോഗ്യം നിലനിർത്തുന്ന ഈ സങ്കീർണ്ണമായ പ്രക്രിയ വൃക്കകൾക്കുള്ളിലാണ് നടക്കുന്നത്. ഇത് എങ്ങനെയെന്ന് നമുക്ക് വിശദമായി പരിശോധിക്കാം.

മൂത്ര രൂപീകരണത്തിന്റെ മൂന്ന് ഘട്ടങ്ങൾ

വൃക്കകൾക്കുള്ളിലെ നെഫ്രോണുകൾ എന്ന സൂക്ഷ്മ ഘടനകളിലാണ് മൂത്രം രൂപപ്പെടുന്നത്. ഓരോ വൃക്കയിലും ഇത്തരം ദശലക്ഷത്തിലധികം നെഫ്രോണുകൾ ഉണ്ട്. മൂന്ന് പ്രധാന ഘട്ടങ്ങളായാണ് മൂത്ര രൂപീകരണം നടക്കുന്നത്.







1. ഫിൽട്രേഷൻ അഥവാ അരിക്കൽ

"വൃക്ക ധമനികളിലൂടെയാണ് രക്തം വൃക്കകളിലേക്ക് എത്തുന്നത്. ഇത് പിന്നീട് 'ഗ്ലോമെറുലസ്' എന്ന് വിളിക്കുന്ന ചെറിയ രക്തക്കുഴലുകളുടെ കൂട്ടത്തിലേക്ക് മാറുന്നു. ഇത് ബോമാൻസ് കാപ്സ്യൂൾ എന്ന ഘടനയ്ക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്," ഡോ.വർമ്മ വ്യക്തമാക്കുന്നു. ശരീരത്തിന്റെ സ്വാഭാവികമായ ഒരു അരിച്ചെടുക്കൽ പ്രക്രിയയാണിത്. രക്തപ്രവാഹത്തിൽ നിന്ന് വെള്ളം, ഗ്ലൂക്കോസ്, അമിനോ ആസിഡുകൾ, ലവണങ്ങൾ, യൂറിയ (മാലിന്യം) തുടങ്ങിയ ചെറിയ തന്മാത്രകളെ ഗ്ലോമെറുലസ് അരിച്ചെടുക്കുന്നു. എന്നാൽ പ്രോട്ടീനുകൾ, രക്താണുക്കൾ തുടങ്ങിയ വലിയ തന്മാത്രകൾക്ക് ഇതിലൂടെ കടന്നുപോകാൻ കഴിയില്ല, അവ രക്തത്തിൽ തന്നെ അവശേഷിക്കുന്നു.







2. റീഅബ്സോർപ്ഷൻ അഥവാ വീണ്ടും ആഗിരണം ചെയ്യൽ

അരിച്ചെടുത്ത ദ്രാവകം പിന്നീട് 'ലൂപ്പ് ഓഫ് ഹെൻലെ' ഉൾപ്പെടെയുള്ള വൃക്കയിലെ ചെറിയ നാളികളിലൂടെ കടന്നുപോകുന്നു. "ഈ ഘട്ടത്തിൽ, അരിച്ചെടുത്ത വെള്ളത്തിന്റെ 99 ശതമാനവും, ശരീരത്തിന് ആവശ്യമായ പോഷകങ്ങളും, ഇലക്ട്രോലൈറ്റുകളും ചുറ്റുമുള്ള രക്തക്കുഴലുകളിലേക്ക് വീണ്ടും ആഗിരണം ചെയ്യപ്പെടുന്നു," ഡോ.വർമ്മ പറഞ്ഞു. ശരീരത്തിന് ആവശ്യമുള്ള ഗ്ലൂക്കോസ്, സോഡിയം എന്നിവ നിലനിർത്താനും അനാവശ്യമായവ പുറന്തള്ളാനും ഈ ഘട്ടം സഹായിക്കുന്നു. ശരീരത്തിലെ ജലസന്തുലിതാവസ്ഥയും രക്തസമ്മർദവും വൃക്കകൾ നിയന്ത്രിക്കുന്നത് ഈ പ്രക്രിയയിലൂടെയാണ്.

Also Read: സഊദിയില്‍ വിദേശികള്‍ക്ക് ഇനി സ്വന്തമായി വീടും ഫാക്ടറിയും സ്വന്തമാക്കാം.






3. സെക്രീഷൻ അഥവാ സ്രവണം

ശരീരത്തിന്റെ ആന്തരിക രാസപ്രവർത്തനങ്ങളെ ക്രമീകരിക്കുന്ന അവസാന ഘട്ടമാണിത്. ഡോ. വർമ്മ പറയുന്നതനുസരിച്ച്, "പൊട്ടാസ്യം, ഹൈഡ്രജൻ അയോണുകൾ, ചില മരുന്നുകൾ തുടങ്ങിയ അധിക മാലിന്യങ്ങൾ രക്തത്തിൽ നിന്ന് ഈ നാളികളിലേക്ക് സ്രവിക്കപ്പെടുകയും പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ശരീരത്തിലെ ആസിഡ്-ബേസ് ബാലൻസും ഇലക്ട്രോലൈറ്റ് ബാലൻസും നിലനിർത്താൻ ഈ ഘട്ടം വളരെ പ്രധാനമാണ്."







ഇങ്ങനെ ബാക്കിയാകുന്ന ദ്രാവകമാണ് മൂത്രം. ഇതിൽ വെള്ളം, യൂറിയ, ക്രിയാറ്റിനിൻ, ലവണങ്ങൾ, മറ്റ് ഉപാപചയ മാലിന്യങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് റീനൽ പെൽവിസിൽ ശേഖരിക്കപ്പെടുകയും യൂറേറ്ററുകൾ വഴി മൂത്രസഞ്ചിയിൽ എത്തുകയും ഒടുവിൽ മൂത്രനാളി വഴി ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യുന്നു.







ചുരുക്കത്തിൽ, രക്തം ശുദ്ധീകരിക്കുന്നതിന്റെ ഒരു ഉപോൽപ്പന്നമാണ് മൂത്രം. ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും, പിഎച്ച് മൂല്യം, രക്തസമ്മർദം എന്നിവ നിലനിർത്താനും, ശരീരത്തിന്റെ ആന്തരിക സന്തുലിതാവസ്ഥ ഉറപ്പാക്കാനും ഇത് അത്യാവശ്യമാണ്.






അതുകൊണ്ട്, ശരീരത്തിൽ ജലാംശം നിലനിർത്താൻ വെള്ളം കുടിക്കേണ്ടത് പ്രധാനമാണെങ്കിലും, നിങ്ങൾ മൂത്രമൊഴിക്കുമ്പോൾ യഥാർത്ഥത്തിൽ ചെയ്യുന്നത് നിങ്ങളുടെ രക്തത്തിലെ മാലിന്യങ്ങളെ വൃത്തിയാക്കുകയാണ്. നമ്മുടെ വൃക്കകൾ ഒരു നിമിഷം പോലും വിശ്രമമില്ലാതെ 24 മണിക്കൂറും രക്തം ശുദ്ധീകരിച്ചുകൊണ്ടേയിരിക്കുന്നു.







DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്