LATEST

6/recent/ticker-posts

ദൈവങ്ങളുടെയും ബലിദാനികളുടെയും പേരില്‍ സത്യപ്രതിജ്ഞ;തിരുവനന്തപുരം നഗരസഭയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി, 20 കൗണ്‍സിലര്‍മാരുടെ നടപടി ഹൈക്കോടതി അസാധുവാക്കി

തിരുവനന്തപുരം: ദൈവങ്ങളുടെയും പ്രസ്ഥാനത്തിലെ ബലിദാനികളുടെയും പേരില്‍ സത്യപ്രതിജ്ഞ ചെയ്ത 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ നിയമവിരുദ്ധമാണെന്ന് കണ്ടെത്തി ഹൈക്കോടതി അസാധുവാക്കി. ഈ കൗണ്‍സിലര്‍മാര്‍ നാലാഴ്ചയ്ക്കകം നിയമാനുസൃതമായ രീതിയില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.







തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് ബിജെപി കൗണ്‍സിലര്‍മാര്‍ ചട്ടവിരുദ്ധമായി സത്യപ്രതിജ്ഞ നടത്തിയത്. അയ്യപ്പന്‍, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭന്‍, ഗുരുദേവന്‍ തുടങ്ങിയ ദൈവങ്ങളുടെയും 'സ്വന്തം പ്രസ്ഥാനത്തിലെ ബലിദാനികളുടെയും' പേരിലായിരുന്നു ഇവര്‍ സത്യപ്രതിജ്ഞ ചൊല്ലിയത്.








കേരള മുന്‍സിപ്പാലിറ്റി നിയമം (1994) അനുസരിച്ച്‌, സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഭരണഘടനാപരമായ 'ദൈവനാമത്തിലോ' അല്ലെങ്കില്‍ 'സഗൗരവമോ' ആകണം വാചകങ്ങള്‍ ഉപയോഗിക്കേണ്ടത്. എന്നാല്‍ വ്യക്തിപരമായി ഇഷ്ടമുള്ള ദൈവങ്ങളുടെയും മറ്റും പേര് ഉള്‍പ്പെടുത്തി സത്യപ്രതിജ്ഞ നടത്തിയത് ചട്ടലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. 'ദൈവനാമത്തില്‍ എന്നതിന് പകരം അവരവര്‍ക്ക് ഇഷ്ടമുള്ള പല ദൈവങ്ങളുടെ പേരില്‍ എങ്ങനെ സത്യപ്രതിജ്ഞ നടത്താനാകും?' എന്ന് കോടതി നേരത്തെ തന്നെ ചോദ്യം ഉന്നയിച്ചിരുന്നു.






എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ എസ്.പി. ദീപക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ നിര്‍ണ്ണായക ഉത്തരവ്. കൗണ്‍സിലര്‍മാരുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് വിഷയം കോടതിയിലെത്തിയത്.






സത്യപ്രതിജ്ഞയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ കൗണ്‍സില്‍ ഹാളില്‍ ആര്‍എസ്‌എസ് ഗണഗീതം ആലപിച്ചത് നേരത്തെ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇതിനു പുറമെയാണ് നിയമപരമായ ഈ തിരിച്ചടിയും ബിജെപിക്ക് നേരിടേണ്ടി വന്നത്. നാലാഴ്ചയ്ക്കകം സത്യപ്രതിജ്ഞ ആവര്‍ത്തിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം ബിജെപി നേതൃത്വത്തിന് വലിയ സമ്മര്‍ദ്ദമാണ് നല്‍കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യാന്‍ ഇവര്‍ തയ്യാറായില്ലെങ്കില്‍ അത് അയോഗ്യതയിലേക്ക് വരെ നയിച്ചേക്കാമെന്നാണ് നിയമവിദഗ്ധര്‍ നല്‍കുന്ന സൂചന. ജയിലാണ് വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതന്‍. സുഗതന് ജാമ്യം കിട്ടിയില്ലെങ്കില്‍ സത്യപ്രതിജ്ഞ ചെയ്യാനാകില്ല.






ജനാധിപത്യ സംവിധാനത്തില്‍ ജനപ്രതിനിധികള്‍ പാലിക്കേണ്ട സത്യപ്രതിജ്ഞാ ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയ നടപടിയാണ് ഹൈക്കോടതി തിരുത്തിയിരിക്കുന്നത്. ഭരണഘടനാപരമായ പദവിയിലിരിക്കുന്നവര്‍ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കോ പ്രസ്ഥാനപരമായ ആശയങ്ങള്‍ക്കോ അതീതമായി നിയമത്തെ ബഹുമാനിക്കണമെന്ന സന്ദേശമാണ് ഈ വിധി നല്‍കുന്നത്. തിരുവനന്തപുരം നഗരസഭയിലെ പ്രധാനപ്പെട്ട കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ ബിജെപി ജില്ലാ നേതൃത്വം വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. വിധി നടപ്പിലാക്കുന്നതിനെക്കുറിച്ച്‌ നിയമോപദേശം തേടാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി.

നിയമപരമായ പോരാട്ടത്തിലൂടെ ഈ വിഷയം കോടതിയിലെത്തിക്കാന്‍ സാധിച്ചത് എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിന്റെ പവിത്രതയും നിയമപരമായ കൃത്യതയും ഉറപ്പുവരുത്തുന്നതില്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടല്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചര്‍ച്ചകള്‍ക്കാണ് ഹൈക്കോടതി വിധി വഴിവെച്ചിരിക്കുന്നത്. നിയമലംഘനം നടത്തി എന്ന് ആരോപിക്കപ്പെടുന്ന കൗണ്‍സിലര്‍മാര്‍, കോടതി നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ഇനിയെങ്കിലും സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

കോടതി വിധി വന്ന് കഴിഞ്ഞ സ്ഥിതിക്ക്, നിശ്ചിത കാലാവധിക്കുള്ളില്‍ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞാ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടുതാനും.