ദുബായ്:ഗള്‍ഫ് സംഘര്‍ഷം മൂലം യാത്ര തടസ്സപ്പെട്ടവര്‍ക്ക് 30 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിച്ച് യുഎഇ. ഗള്‍ഫില്‍ ഉടലെടുത്ത സംഘർഷംമൂലം യാത്രാതടസ്സം നേരിടുകയും വിസ കാലാവധി കഴിഞ്ഞവർക്ക് പിഴ ഒഴിവാക്കി നല്‍കുകയും ചെയ്ത നടപടിക്ക് ശേഷം, അർഹരായവർക്ക് തങ്ങളുടെ രേഖകള്‍ ശരിയാക്കാനോ രാജ്യം വിടാനോ 30 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിച്ച് യുഎഇ ഭരണകൂടം.
ജൂണ്‍ 10-ന് ആരംഭിച്ച ഈ ഗ്രേസ് പിരീഡ് ജൂലൈ 9 വരെ നീണ്ടുനില്‍ക്കുമെന്നു ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) അറിയിച്ചു.
ഫെബ്രുവരി 28, 2026 മുതല്‍ മേഖലയിലുണ്ടായ പ്രതിസന്ധികളെ തുടർന്ന് വിമാന സർവീസുകള്‍ തടസ്സപ്പെടുകയും, അതിനാല്‍ രാജ്യം വിടാൻ സാധിക്കാതെ വരികയും ചെയ്തതുമൂലം പിഴയില്‍ നിന്ന് നേരത്തെ ഇളവ് ലഭിച്ചവർക്കാണ് ഈ അവസരം ലഭിക്കുന്നത്. മേഖലയില്‍ സ്ഥിരത തിരികെ വന്ന സാഹചര്യത്തില്‍, നിയമപരമായ നടപടിക്രമങ്ങള്‍ പൂർത്തിയാക്കാനും പിഴകളില്ലാതെ രാജ്യം വിടാനും അല്ലെങ്കില്‍ താമസ രേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരാനും ഈ കാലയളവ് സഹായിക്കും.
അടിയന്തര സാഹചര്യങ്ങളില്‍ വിദേശികള്‍ക്ക് പിന്തുണ നല്‍കുക എന്ന മാനുഷിക സമീപനത്തിന്റെ ഭാഗമായാണ് യുഎഇ നേരത്തെ പിഴ ഇളവ് അനുവദിച്ചിരുന്നത്. എന്നാല്‍ നിലവില്‍ മേഖലയില്‍ സാഹചര്യം അനുകൂലമായതിനാല്‍, എല്ലാവരും നിശ്ചിത സമയപരിധിക്കുള്ളില്‍ നിയമങ്ങള്‍ പാലിക്കണമെന്നും ഔദ്യോഗിക വിവരങ്ങള്‍ക്കായി അതോറിറ്റിയുടെ വെബ്സൈറ്റുകളോ വാർത്താ ചാനലുകളോ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു