സൗദി: മദീന മേഖലയില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജൂണ്‍ 24 വരെ താപനില ഗണ്യമായ വര്‍ധിക്കുമെന്നും ചില പ്രദേശങ്ങളില്‍ താപനില 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മദീനയിലെ തീരദേശ മേഖലകളും ഉയര്‍ന്ന പ്രദേശങ്ങളും ഉള്‍പ്പെടെയുള്ള പല ഭാഗങ്ങളിലും 45 മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില രേഖപ്പെടുത്തപ്പെടാന്‍ സാധ്യത.
Also read- കുവൈത്തില്‍ ഫാമിലി-സ്വദേശി പാര്‍പ്പിട മേഖലകളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്നത് തടയുന്നതിന് പുതുക്കിയ നിര്‍ദേശങ്ങളുമായി കുവൈത്ത് മുന്‍സിപ്പാലിറ്റി.
ഇതിന്റെ പശ്ചാത്തലത്തില്‍ സിവില്‍ ഡിഫന്‍സ് ഉള്‍പ്പെടെയുള്ള അധികൃതര്‍ പുറത്തിറക്കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
മദീനയുടെ ചില ഭാഗങ്ങള്‍ക്കും സൗദിയുടെ കിഴക്കന്‍ പ്രവിശ്യകള്‍ക്കും ഉഷ്ണതരംഗ ഭീഷണിയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഉയര്‍ന്ന താപനിലയ്‌ക്കൊപ്പം വരണ്ട കാലാവസ്ഥയും പൊടിപടലങ്ങള്‍ നിറഞ്ഞ ശക്തമായ കാറ്റും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. പൊടിക്കാറ്റ് മൂലം റോഡുകളില്‍ ദൃശ്യപരത കുറയാനിടയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് നിര്‍ദേശിച്ചു.
രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ശക്തമായ ഉപരിതല കാറ്റിനും സാധ്യതയുണ്ട്. വടക്കന്‍ അതിര്‍ത്തി പ്രവിശ്യകള്‍, അല്‍ ജൗഫ്, തബൂക്ക്, മക്ക, റിയാദ് തുടങ്ങിയ മേഖലകളിലാണ് കാറ്റ് ശക്തമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതേസമയം, മക്കയിലെ ഉയര്‍ന്ന പ്രദേശങ്ങള്‍, ജിസാന്‍, അസീര്‍, അല്‍ ബഹ മേഖലകളിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മിതമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
കാലാവസ്ഥാ വ്യതിയാനങ്ങള്‍ കണക്കിലെടുത്ത് ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.