രാവും പകലും കഷ്ടപ്പെട്ട് പഠിച്ച വിദ്യാർത്ഥി കൾ നിരാശ യിൽ
സംഭവത്തില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഗുരുഗ്രാം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കരിയർ കൗണ്‍സിലർ യഷ് യാദവില്‍ നിന്ന് 15 ലക്ഷം രൂപ നല്‍കിയാണ് ദിനേഷ് ബിവാള് ചോദ്യപേപ്പർ കൈക്കലാക്കിയതെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഒ.ജി) കണ്ടെത്തി. കേസിലെ മുഖ്യപ്രതി ശുഭം ഖൈർനാറാണ് യഷ് യാദവിന് ചോദ്യങ്ങള്‍ കൈമാറിയത്.
മെയ് 5-ന് നടന്ന പരീക്ഷയ്ക്ക് നാല് ദിവസം മുമ്പ് തന്നെ (മെയ് 1) ചോദ്യപേപ്പർ ബിവാളിന്റെ കൈകളില്‍ എത്തിയതായാണ് സൂചന. കഴിഞ്ഞ വർഷം ബിവാളിന്റെ കുടുംബത്തിലെ നാല് പേർ നീറ്റ് പരീക്ഷ വിജയിച്ചിരുന്നു. ഇതേ സംഘം വഴി നേരത്തെയും പേപ്പർ ചോർത്തിയതാണോ ഇവർക്ക് ലഭിച്ചതെന്ന് സി.ബി.ഐ പരിശോധിച്ചുവരികയാണ്.
ബി.ജെ.പി എം.എല്‍.എമാരുമായും ഉന്നത നേതാക്കളുമായും അടുത്ത ബന്ധമുള്ളയാളാണ് ദിനേഷ് ബിവാള്. പ്രതികളെ സംരക്ഷിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജസ്ഥാൻ പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മനഃപൂർവം വൈകിപ്പിച്ചുവെന്ന് മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കുറ്റപ്പെടുത്തി.
കേസില്‍ നിർണ്ണായകമായ മറ്റൊരു നീക്കത്തിലൂടെ മഹാരാഷ്ട്ര സ്വദേശി ധനഞ്ജയ് ലോഖണ്ഡെയെ സി.ബി.ഐ തിരിച്ചറിഞ്ഞു. പുനെയിലെ വാഘോളിയില്‍ താമസിക്കുന്ന ഇയാളാണ് മുഖ്യപ്രതി ശുഭം ഖൈർനാറിന് കൊറിയർ വഴി ചോദ്യപേപ്പർ അയച്ചുനല്‍കിയത്.
ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നിവയ്ക്ക് പുറമെ പുതുതായി നിലവില്‍ വന്ന പൊതുപരീക്ഷാ വിരുദ്ധ നിയമപ്രകാരവും ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. രാജസ്ഥാനില്‍ നിന്ന് മാത്രം ഇതുവരെ രണ്ട് ഡസനോളം പേരെ സി.ബി.ഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
.