സൗദി :മക്കയിൽ കെട്ടിടത്തിനുണ്ടായ തീപിടുത്തത്തിൽ പുക ശ്വസിച്ച് മലയാളി മരിച്ചു. കാസർകോട് സ്വദേശിയും കെ.എം.സി.സി പ്രവർത്തകനുമായ പി.പി. മുഹമ്മദ് കുഞ്ഞി (58) ആണ് മരിച്ചത്. മക്ക അസീസിയയിലെ ഉമ്മുൽ ഖുറാ യൂനിവേഴ്സിറ്റിക്ക് സമീപം മുഹമ്മദ് കുഞ്ഞി താമസിച്ചിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്.
താമസസ്ഥലത്ത് ആകസ്‌മികമായി ഉണ്ടായ തീപിടുത്തത്തെ തുടർന്ന് മുറിയിലേക്ക് ആളിപ്പടർന്ന പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശികളായ രണ്ടുപേരും ഈ അപകടത്തിൽ മരിച്ചതായാണ് റിപ്പോർട്ടുകൾ.
പരേതനായ എം.ടി. അമീർ അലിയുടേയും പി.പി. സഫിയത്തിൻറയും മകനാണ് .
കെ.എം.സി.സി ഉൾപ്പെടെയുള്ള സാമൂഹിക സേവന രംഗങ്ങളിൽ സജീവമായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ അപ്രതീക്ഷിത വിയോഗം പ്രവാസി സമൂഹത്തിന് വലിയ നോവായി. നിലവിൽ മൃതദേഹം മക്കയിലെ അൽ നൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ തന്നെ ഖബറടക്കും.
<