താമരശ്ശേരി: നാടിന്റെ വികസനത്തിന് ആവശ്യമായ കൃത്യവും വ്യക്തവുമായ വീക്ഷണങ്ങൾ പങ്ക് വെക്കാൻ കക്ഷി - രാഷ്ട്രീയ വേർതിരിവോ ഭരണ- പ്രതിപക്ഷ വ്യത്യാസമോ ഇല്ലാതെ എല്ലാവരേയും പങ്കെടുപ്പിച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത് താമരശ്ശേരി ഡിവിഷൻ മെമ്പർ പി ജി മുഹമ്മദിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനപ്രതിനിധികളുടെ സംഗമമായ ' മെമ്പേഴ്സ് ക്യാബിനറ്റ്' നവ്യാനുഭവമായി.
ജില്ലാ പഞ്ചായത്ത് താമരശ്ശേരി ഡിവിഷനിലെ 44 ഗ്രാമപഞ്ചായത്ത് അംഗങ്ങളും അഞ്ച് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ഒരു ജില്ലാ പഞ്ചായത്ത് അംഗവും ഉൾപ്പെട്ട മെമ്പേഴ്സ് ക്യാബിനറ്റ് ഇന്നലെ രാവിലെ പത്തുമണി മുതൽ താമരശ്ശേരി വയനാട് റീജൻസിയിലാണ് സംഘടിപ്പിക്കപ്പെട്ടത്.
ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഡിവിഷനിലെ ജനപ്രതിനിധികൾ നാട്ടിൽ നടപ്പിലാക്കേണ്ട വികസന സ്വപ്നങ്ങളെ കൃത്യമായി വരച്ചുകാട്ടി . അംഗങ്ങളുടെ കൃത്യമായ അഭിപ്രായങ്ങൾ അംഗീകരിച്ചുകൊണ്ടുതന്നെ താമരശ്ശേരി ഡിവിഷനിൽ അടിയന്തിരമായി നടപ്പിലാക്കേണ്ട വികസന കാര്യങ്ങളുടെ രൂപരേഖ തയ്യാറാക്കി.
ആയിരക്കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന പൂനൂർ പുഴയുടെയും ഇരുതുള്ളി പുഴയുടെയും സംരക്ഷണത്തിനും നവീകരണത്തിനും കൃത്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി. രണ്ടു പുഴകളുടെയും വീണ്ടെടുപ്പിന് ശാസ്ത്രീയമായ പരിഹാരം കാണാൻ വിദഗ്ധ സംഘത്തിന്റെ അഭിപ്രായം തേടും .
ഡിവിഷനിലെ യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് വേണ്ടി ഓരോ വർഷവും ജോബ് ഫെസ്റ്റ് സംഘടിപ്പിക്കും.
കുടുംബശ്രീ ശാക്തീകരണത്തിന്റെ ഭാഗമായി വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയും വനിതകൾക്ക് വേണ്ടി 'ഷീഫെസ്റ്റ് ' സംഘടിപ്പിക്കുകയും ചെയ്യും.ഇതോടനുബന്ധിച്ച് മെഹന്തി ഫെസ്റ്റ് ഉടൻ നടക്കും.
സംരംഭകത്വ പരിശീലനവും, സംരംഭകർക്ക് സഹായം നൽകുന്നതിനു വേണ്ട കർമ്മപരിപാടികളും ആവിഷ്കരിച്ച് നടപ്പിലാക്കും .
ഹാപ്പിനസ്സ് താമരശ്ശേരി പദ്ധതിയുടെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ നടപ്പിലാക്കും. ഇതിൽ വയോജനങ്ങൾക്ക് പ്രത്യേക പരിപാടി കളുണ്ടാകും.
കായിക പരിശീലനങ്ങളും കായിക മൽസരങ്ങളും നടക്കും.
വിദ്യാഭ്യാസ - ആരോഗ്യ മേഖലകളിൽ കാലോചിതമായ മാറ്റം വരുത്തി പുതിയ പദ്ധതികൾ കൊണ്ടുവരും .
താമരശ്ശേരി ഡിവിഷനിലെ പുതിയ വികസന കർമ്മ പദ്ധതികൾക്ക് മെമ്പേഴ്സ് ക്യാബിനറ്റിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങളും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു . ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ ക്യാബിനറ്റിൽ പ്രമേയം അവതരിപ്പിച്ചു.
രാവിലെ 10 മണിക്കാരംഭിച്ച മെമ്പേഴ്സ് ക്യാബിനറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് ഉദ്ഘാടനം ചെയ്തു. മെമ്പർ പി.ജി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് ഡോ.ടി. അബ്ദുനാസർ ജില്ലാ പഞ്ചായത്ത് വികസന പദ്ധതികൾ അവതരിപ്പിച്ചു. പി.കെ. ഫിറോസ് , കെ.പി.മുഹമ്മദൻസ് , റസീന സിയാലി , സുബൈർ മാസ്റ്റർ, സൂപ്പർ സൗദ ടീച്ചർ, സജീന ടീച്ചർ, പി. ഗിരീഷ് കുമാർ ,നുഷ്ഹത്ത് ടീച്ചർ, മൈമൂന ഹംസ, നവാസ് ഈർപ്പോണ, ഉനൈസത്ത് കിഴക്കോത്ത്, കെ. വി മുഹമ്മദ്, പി. എസ് മുഹമ്മദലി, പി.ടി മുഹമ്മദ് ബാപ്പു,ടി.ആർ.ഒ കുട്ടൻ മാസ്റ്റർ, എ. കെ കൗസർ , പി.പി. ഹാഫിസ് റഹ് മാൻ , നാസിമുദ്ധീൻ തുടങ്ങിയവർ പ്രസംഗിച്ചു.