താമരശേരി: പണം കടം വാങ്ങിയെന്ന് കരാർ വ്യാജമായി നിർമ്മിച്ചുവെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്യേഷണം നടത്താൻ കോടതി ഉത്തരവ്.
മുക്കം ചെറുവാടി പാറപ്പുറത്ത് അബ്ദുൽ നാസർ, വാലില്ലാപുഴ മൂത്തേടത്ത് പാറക്കൽ സക്കീർ ഹുസൈൻ, മാവൂർ ബൈത്ത അൽനൂർ പി. കെമുനീർ എന്നിവർക്കെതിരെ താമരശേരി - വെളിമണ്ണ പുറായിൽ മുഹമ്മദ് ഹനീഫ നൽകിയപരാതിയിലാണ് കേസെടുത്ത് അന്യേഷണം നടത്താൻ താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുക്കം പൊലീസിന് നിർദ്ദേശം നൽകി ഉത്തരവായത്.
പരാതിക്കാരനായ മുഹമ്മദ് ഹനീഫയുടെ ഒപ്പ് വ്യാജമായി ഇട്ട് ഒന്നാം പ്രതി അബ്ദുൽ നാസറിൽ നിന്നും പരാതിക്കാരൻ 500000 രൂപ കടമായി വാങ്ങിയെന്നും മറ്റും എഴുതി ചേർത്ത് വ്യാജ കരാർ പ്രതികൾ നിർമ്മിച്ചു എന്നതാണ് ആരോപണം. അപ്രകാരം വ്യാജമായി ഒപ്പിട്ട് നിർമ്മിച്ച കരാറിൽ 2,3 പ്രതികളായ സക്കീർ ഹുസൈൻ,പി.കെ മുനീർഎന്നിവർ സാക്ഷികളായി ഒപ്പിട്ടുവെന്നും പരാതിയിൽ പറയുന്നു.
വ്യാജകരാർ ഉപയോഗിച്ച് അബ്ദുൽ നാസർ താമരശേരി മുൻസിഫ് കോടതിയിൽ പരാതിക്കാരനെതിരെ സിവിൽ കേസ് നൽകിയതിനെ തുടർന്ന് മുൻസിഫ് കോടതിയിൽ നിന്നും പരാതിക്കാരന് നോട്ടീസ് ലഭിച്ചപ്പോഴാണ് പരാതിക്കാരന്റെ ഒപ്പ് വ്യാജമായി ഇട്ട് വ്യാജ കരാർ നിർമ്മിച്ചതെന്നും ആയതിന്റെ അടിസ്ഥാനത്തിലാണ് സിവിൽ കേസ് നൽകിയതെന്നും പരാതിക്കാരന് മനസിലായത്.
ഇതിനെ തുടർന്ന് പരാതിക്കാരൻ അഡ്വക്കറ്റ് കെ.പി. ഫിലിപ്പ് മുഖേന സമർപ്പിച്ച സ്വകാര്യ അന്യായം പരിഗണിച്ചാണ് കേസെടുക്കാൻ മുക്കം പൊലീസിന് കോടതി നിർദ്ദേശം നൽകിയത്. ഇതോടെ പ്രതികൾക്കെതിരെ മുക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്യേഷണം ആരംഭിച്ചു.