കൊടുവള്ളി:മുൻ ഇടത് സ്വതന്ത്ര എം.എൽ.എയായിരുന്ന കാരാട്ട് റസാഖ് സി.പി.എം ബന്ധം അവസാനിപ്പിച്ച് മാതൃസംഘടനയായ ലീഗിലേക്ക് തിരിച്ചെത്തി. ഇന്ന് രാവിലെ പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളിൽ നിന്ന് മെമ്പർഷിപ്പ് സ്വീകരിച്ചു. കൊടുവള്ളി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി.കെ ഫിറോസിനൊപ്പമാണ് കാരാട്ട് റസാഖ് പാണക്കാട്ട് എത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കരാട്ട് റസാഖിനെ പാർട്ടിയിൽ തിരിച്ചെത്തിക്കാനായത് രാഷ്ട്രീയവിജയമായിട്ടാണ് ലീഗ് സംസ്ഥാന നേതൃത്വം കാണുന്നത്.
സ്ഥാനാർഥിത്വം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് 2016ലാണ് കാരാട്ട് റസാഖ് മുസ്ലിംലീഗിൽ നിന്ന് രാജിവെച്ച് സി.പി.എമ്മിനൊപ്പം ചേർന്നത്. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ലീഗ് വിട്ട കാരാട്ട് റസാഖ് കൊടുവള്ളിയിൽ ഇടത് സ്വതന്ത്രനായി മത്സരിച്ച് യു.ഡി.എഫ് സ്ഥാനാർഥി എം.എ റസാഖിനെ 571 വോട്ടിന് പരാജയപ്പെടുത്തി. ഇതോടെ പി.ടി.എ റഹീം കുന്ദമംഗലത്തേക്ക് മാറിയതോടെ എൽ.ഡി.എഫിന് നഷ്ടപ്പെട്ട മണ്ഡലം മുന്നണി വീണ്ടും പിടിച്ചെടുത്തു.
2021ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ വീണ്ടും ഇടതു സ്വതന്ത്രനായി മത്സരിച്ചെങ്കിലും യു.ഡി.എഫ് സ്ഥാനാർഥി ഡോ. എം.കെ മുനീറിനോട് 6500ൽ അധികം വോട്ടിന് തോറ്റു. ഇതോടെ റസാഖ് സി.പി.എമ്മുമായി ഇടഞ്ഞു. കൊടുവള്ളിയിൽ തന്നെ പരാജയപ്പെടുത്താൻ ചിലർ ശ്രമിച്ചുവെന്നും എൽ.ഡി.എഫിന് കൊടുത്ത കത്ത് പരിഗണിച്ചില്ലെങ്കിൽ ഇടതുപക്ഷം വിടുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു."