വാഷിങ്ടൺ: ഇറാന് നടത്തുന്ന ശക്തമായ തിരിച്ചടിയില് യു.എസിന് കനത്ത നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്ട്ട്. മിഡില് ഈസ്റ്റിലുടനീളമുള്ള അമേരിക്കന് സൈനിക താവളങ്ങളില് അഭൂതപൂര്വമായ നാശനഷ്ടങ്ങളാണ് സംഭവിച്ചതെന്ന് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു.
ഇറാന്റെ വര്ദ്ധിച്ചുവരുന്ന പ്രത്യാക്രമണങ്ങളെത്തുടര്ന്ന് മേഖലയിലെ 13 യു.എസ് സൈനിക സ്ഥാപനങ്ങള് 'ഏതാണ്ട് വാസയോഗ്യമല്ലാതായി' മാറിയSതായി ന്യൂയോര്ക്ക് ടൈംസ് റിപ്പോര്ട്ട് ചെയ്യുന്നു.
ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്റാഈലും ഏകപക്ഷീയമായി നടത്തിയ ആക്രമണങ്ങളാണ് പശ്ചിമേഷ്യയില് യുദ്ധസമാന സാഹചര്യത്തിന് കാരണമായത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ കൊല്ലപ്പെട്ടതിനെ തുടര്ന്നാണ് ഇറാന് തിരിച്ചടി ശക്തമാക്കിയത്.
എന്നാല് വാഷിംഗ്ടണും ടെല് അവീവും ഇറാന്റെ തിരിച്ചടിയുടെ വ്യാപ്തിയും തീവ്രതയും കുറച്ചുകാണിക്കുകയാണെന്നും റിപ്പോര്ട്ട് വ്യക്തമാക്കുന്നു. ഇറാന് സൈന്യം അമേരിക്കന് സൈനിക, ഊര്ജ്ജ ആസ്തികള്ക്ക് നേരെ കൃത്യമായ മിസൈല്, ഡ്രോണ് ആക്രമണങ്ങളുടെ ആവര്ത്തിച്ചുള്ള തരംഗങ്ങള് അഴിച്ചുവിട്ടു- റിപ്പോര്ട്ട് വ്യക്തമാക്കുന്നു. 'നീണ്ട യുദ്ധം' കനത്ത നാശനഷ്ടങ്ങള് സംഭവിച്ച താവളങ്ങളില് നിന്ന് സൈനികര് ഹോട്ടലുകള്, താല്ക്കാലിക ഓഫിസ് സൗകര്യങ്ങള് പോലുള്ള താല്ക്കാലിക ഷെല്ട്ടറുകളിലേക്ക് മാറാന് സൈനികരെ നിര്ബന്ധിതരാക്കുന്ന അവസ്ഥയിലേക്ക് യു.എസിനെ തള്ളിവിട്ടതായി റിപ്പോര്ട്ട് ചൂണ്ടിക്കാട്ടുന്നു.
യുദ്ധവിമാനങ്ങള് പ്രവര്ത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന പൈലറ്റുമാരും ക്രൂ അംഗങ്ങളും ഒഴികെ കരസേനയുടെ ഭൂരിഭാഗവും `റിമോട്ട് വര്ക്കിങ്' ചെയ്തുകൊണ്ടാണ് യുദ്ധം നയിക്കുന്നതെന്നാണ് റിപ്പോര്ട്ട് പറയുന്നത്.
13 സൈനികത്താവളങ്ങളിലെ പ്രധാന സൗകര്യങ്ങള് ഇപ്പോള് തകരാറിലാണെന്ന് ന്യൂയോര്ക്ക് ടൈംസ് റിപ്പോര്ട്ട് എടുത്തുപറയുന്നു. പ്രവര്ത്തന സംവിധാനങ്ങള്, വ്യോമതാവള അടിസ്ഥാന സൗകര്യങ്ങള്, ഇന്ധന പൈപ്പ്ലൈനുകള് എന്നിവ നശിപ്പിക്കപ്പെട്ടു. ഇത് സൈനിക സുരക്ഷയെയും മേഖലയിലെ യു.എസ് വിന്യാസങ്ങളുടെ ദീര്ഘകാല നിലനില്പ്പിനെയും കുറിച്ച് കാര്യമായ ആശങ്കകള് ഉയര്ത്തിയെന്നും റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു.