വെളുത്ത നിറമാണ് സൗന്ദര്യമെന്ന ധാരണ ജീവിതത്തെ എത്രത്തോളം ബാധിക്കുമെന്ന് സ്വന്തം അനുഭവങ്ങളിലൂടെ തുറന്നുപറയുകയാണ് മെഹ്സ ബുട്ടീക് എന്ന ഇൻസ്റ്റഗ്രാം പേജിന്റെ ഉടമ മുബീന. മലപ്പുറത്ത് ഫെയർനെസ് ക്രീം ഉപയോഗിച്ച പെൺകുട്ടിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തിന് പിന്നാലെയാണ് താനും ഇതേ ക്രീം ഉപയോഗിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുബീന രംഗത്തെത്തിയത്. എന്നാൽ, ഇത്തരം ക്രീമുകൾ ഉപയോഗിക്കാൻ തന്നെ പ്രേരിപ്പിച്ചത് സമൂഹമാണെന്ന് അവർ പറയുന്നു.
നാല് മാസം മുമ്പാണ് ക്രീമിന്റെ ഉപയോഗം നിർത്തിയതെന്ന് മുബീന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ വ്യക്തമാക്കി. ക്രീമിന്റെ ട്യൂബ് കാണിച്ചുകൊണ്ടായിരുന്നു പ്രതികരണം. ചെറുപ്പം മുതൽ നിറത്തിന്റെ പേരിൽ കേട്ട പരിഹാസങ്ങളും നേരിട്ട അവഗണനകളുമാണ് വെളുക്കാനുള്ള ആഗ്രഹത്തിലേക്ക് തന്നെ തള്ളിവിട്ടതെന്ന് മുബീന പറയുന്നു.
‘ഈ ക്രീം ഉപയോഗിക്കാൻ കാരണക്കാർ ആരാണെന്നറിയോ, നിങ്ങളാണ്. നിങ്ങളാണ് എന്നെ കുഞ്ഞിലെ മുതലേ കറുപ്പ് കാണാൻ കൊള്ളില്ലെന്നും വെളുപ്പാണ് കാണാൻ ഭംഗി എന്നും പറഞ്ഞ് പഠിപ്പിച്ചത്’ -മുബീന പറഞ്ഞു. അഞ്ചാം ക്ലാസ് മുതൽ നിറത്തിന്റെ പേരിലുള്ള പരിഹാസങ്ങൾ കേട്ടാണ് വളർന്നത്. സ്കൂൾ കലോത്സവത്തിൽ മണവാട്ടിയായി വേഷമിടാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. എന്നാൽ, പരിപാടിയുടെ തലേദിവസം തന്നെ മാറ്റി പിന്നിൽ നിൽക്കുന്ന കുട്ടിയെ മുന്നിൽ നിർത്താമെന്ന് അധ്യാപകൻ പറഞ്ഞു. കറുത്ത നിറമായിരുന്നു അതിന് കാരണമെന്ന് മുബീന ഓർത്തെടുക്കുന്നു."
വീട്ടിലെത്തുന്ന അതിഥികളുടെ തമാശകളും തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. മൂത്ത മകൾക്ക് പിതാവിന്റെ നിറവും ഇളയ മകൾക്ക് മാതാവിന്റെ നിറവുമാണ് ലഭിച്ചതെന്ന തരത്തിലുള്ള പരാമർശങ്ങൾ പതിവായിരുന്നു. പറഞ്ഞവർ തമാശയായി കണ്ട് മറന്നെങ്കിലും ആ വാക്കുകൾ തന്റെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്നുണ്ടെന്ന് മുബീന പറയുന്നു. ‘ഇവർ പറയുന്ന വാക്ക് കേട്ടിട്ട് വെളുക്കാൻ വേണ്ടി കണ്ണിൽ കണ്ടതെല്ലാം ഞാൻ എന്റെ മുഖത്ത് തേക്കും. ഇനി പരീക്ഷിക്കാൻ കുരുമുളക് കൂടിയേ ഉള്ളൂ, ബാക്കിയെല്ലാം തേച്ച് കഴിഞ്ഞു’ -മുബീന പറഞ്ഞു."
സ്വന്തം കുഞ്ഞിന് ജന്മം നൽകിയപ്പോഴും നിറത്തെക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങളിൽനിന്ന് രക്ഷയുണ്ടായില്ല. കുഞ്ഞിന്റെ ചെവി നോക്കി വളരുമ്പോൾ കറുത്തുപോകുമെന്ന് പറഞ്ഞവരുണ്ട്. എന്നാൽ, കുഞ്ഞിന്റെ നിറത്തിലല്ല, ആരോഗ്യത്തോടെ ലഭിച്ചതിലാണ് കാര്യമെന്ന ഭർത്താവിന്റെ മാതാവിന്റെ വാക്കുകൾ ഏറെ ആശ്വാസം നൽകിയെന്നും മുബീന ഓർത്തെടുത്തു.
സൗന്ദര്യത്തിന്റെ പേരിൽ എത്രയോ പെൺകുട്ടികൾ ഭർതൃവീടുകളിൽ ജീവനൊടുക്കിയിട്ടുണ്ടെന്നും ഇത്തരം ചിന്തകൾ ഇനിയൊരു തലമുറയിലേക്ക് പകരാതിരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ‘നമുക്ക് ഒരു കാര്യമേ ചെയ്യാൻ പറ്റുള്ളൂ, നമ്മുടെ മക്കളിൽ വെളുപ്പ് കറുപ്പ് എന്നുള്ള ഒരു വിഷം കുത്തിവയ്ക്കാതിരിക്കുക’ -ഈ വാക്കുകളോടെയാണ് മുബീന വിഡിയോ അവസാനിപ്പിക്കുന്നത്."
.
0 Comments