സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയില്‍ 900 മെഗാവാട്ടിന്റെ കുറവ് രേഖപ്പെടുത്തിയതിനാല്‍ വൈകുന്നേരം ആറിനും രാത്രി 12നും ഇടയില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവുമെന്ന് കെഎസ്ഇബി അറിയിച്ചു. ഈ മാസം 30 വരെ നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. മഴക്കാലമായതിനാല്‍ തന്നെ ജൂണ്‍, ജൂലൈ മാസങ്ങളില്‍ സാധാരണയായി വൈദ്യുതി നിയന്ത്രണങ്ങളൊന്നും ഉണ്ടാകാറില്ല. എന്നാല്‍, ഇത്തവണ അസാധാരണമായ വൈദ്യുതി പ്രതിസന്ധിയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്.
പസഫിക് സമുദ്രത്തിലെ എന്നിനോ പ്രതിഭാസം രൂപപ്പെട്ടതിനെ തുടര്‍ന്ന് അന്തരീക്ഷ താപനില ഉയര്‍ന്നുനില്‍ക്കുകയാണെന്നും ഇത് കാരണം വടക്കന്‍ സംസ്ഥാനങ്ങളിലെല്ലാം കടുത്ത ചൂട് നിലനില്ക്കാന് കാരണമായിട്ടുണ്ടെന്നും നേരത്തെ കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചിരുന്നു. ഇത് ഉയര്‍ന്ന വൈദ്യുതി ഉപഭോഗത്തിലേക്ക് കൊണ്ടെത്തിക്കുകയും വൈദ്യുതി ലഭ്യത കുറയുകയും ചെയ്തെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ഈ സാഹചര്യം സംസ്ഥാനത്തെയും ബാധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ തന്നെ വൈകുന്നേരം ആറിനും രാത്രി 12നും ഇടയില്‍ വൈദ്യുതി നിയന്ത്രണമുണ്ടാവുമെന്നും കെഎസ്ഇബി അറിയിച്ചു. സമീപകാലങ്ങളിലായി രാജ്യമെമ്പാടുമുള്ള സംസ്ഥാനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വൈദ്യുതിക്ഷാമം കേരളത്തെയും പതിയെ ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.