ബംഗളൂരു: കനത്ത മഴയെ തുടർന്ന് ശിവാജിനഗറിലെ ബൗറിങ് ആന്‍ഡ് ലേഡി കഴ്സൺ ആശുപത്രിയിൽ മതിൽ ഇടിഞ്ഞുവീണ് മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴു പേർ മരിച്ചു.
മരിച്ചവരിൽ രണ്ടുപേർ കുടുംബശ്രീ അംഗങ്ങൾ ആണ്. എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. മൂന്നു മലയാളികൾക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. വിനോദയാത്രക്കെത്തിയ 52 അംഗ കുടുംബശ്രീ പ്രവർത്തകരാണ് അപകടത്തിൽപെട്ടത്. വൈകീട്ട് 5.30ഓടെ കനത്ത മഴക്കിടെയായിരുന്നു അപകടം. ആശുപത്രി പരിസരത്ത് തെരുവ് കച്ചവടം നടത്തുന്നവരും അപകടത്തിനിരയായി. മഴയും കാറ്റും ശക്തമായതോടെ മതിലിനടുത്ത് കൂട്ടംകൂടി നിന്നവരുടെ ദേഹത്തേക്ക് മതിൽ തകർന്ന് വീഴുകയായിരുന്നു."
മഴയും കാറ്റും ശക്തമായതോടെ സംഘം ആശുപത്രിക്ക് സമീപത്തെ മതിലിനടുത്തേക്ക് മാറി നിൽക്കുകയായിരുന്നു. പിന്നാലെ മഴയില്‍ നനഞ്ഞു കുതിര്‍ന്ന മതില് ഇവരുടെ ദേഹത്തേക്ക് ഇടിഞ്ഞു വീണു. ഏഴു പേരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. അപകടത്തിന് പിന്നാലെ പൊലീസും മറ്റ് രക്ഷാസംഘങ്ങളും സ്ഥലത്തെത്തുകയും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു.