സമസ്ത നേതാക്കളോ, കാന്തപുരവുമായി ബന്ധപ്പെട്ട വരോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.





അടുത്തവര്‍ഷം മലപ്പുറത്ത് നടക്കുന്ന സമസ്ത(എപി വിഭാഗം)നൂറാം വാര്‍ഷിക സമ്മേളനത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. സമ്മേളനത്തിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര പരിപാടിയിലേക്കാണ് ക്ഷണം. തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയും കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരും തമ്മില്‍ നടന്ന കൂടികാഴ്ചയില്‍ സമ്മേളനത്തിലേക്ക് ക്ഷണിച്ചതായാണ് വിവരം. ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, സമസ്ത നേതാക്കളോ, കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

2027 ജനുവരിയില്‍ മലപ്പുറത്തു നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തിലെ അന്താരാഷ്ട്ര സെഷനില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രിക്ക് ക്ഷണം. കാന്തപുരവുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്ന മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം ഉള്‍പ്പെടെ ലോകനേതാക്കള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്നതിന് മോദി അനുകൂല നിലപാട് സ്വീകരിച്ചുവെന്നാണ് വിവരം. യെമനില്‍ തടവിലുള്ള നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ടതിന് കാന്തപുരത്തിനെ മോദി അഭിനന്ദിക്കുകയും ചെയ്തു. നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ഇടപെടലുണ്ടാവുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ഇന്നലെ അരമണിക്കൂറോളം നടന്ന കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും വിവിധ സാമൂഹിക-മാനുഷിക-വിദ്യാഭ്യാസ-വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും രാജ്യാന്തര സംഭവങ്ങളും ചര്‍ച്ചയായെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ അറിയിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് പ്രധാനമന്ത്രി-കാന്തപുരം മുസ്ല്യാര്‍ കൂടിക്കാഴ്ച ആരംഭിച്ചത്. മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ നടത്തിയ കേരളയാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നുവന്ന വിഷയങ്ങള്‍ അബൂബക്കര്‍ മുസ്ല്യാര്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. റംസാന്‍ സന്ദേശവും കൈമാറിയ ശേഷമാണ് കൂടിക്കാഴ്ച അവസാനിച്ചത്. കാന്തപുരം മുസ്ല്യാര്‍ക്കൊപ്പം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, എസ്.വൈ.എസ് പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി എന്നിവരും ഉണ്ടായിരുന്നു.