ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍ എന്നത് വിജയിച്ച പല മനുഷ്യരെക്കുറിച്ചുമുള്ള വിലയിരുത്തലുകളില്‍ ഉയര്‍ന്നുകേള്‍ക്കാറുള്ള പ്രയോഗമാണ്. സിനിമയെ സംബന്ധിച്ച് ഗോഡ്ഫാദര്‍മാര്‍ ഇല്ലാതെ വിജയം നേടിയ അഭിനേതാക്കളെക്കുറിച്ചും ഇത്തരത്തില്‍ പറയാറുണ്ട്. വിനീത് ശ്രീനിവാസന്‍ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച ചലച്ചിത്ര താരം ഈ പ്രയോഗം ഒരു ഡയലോഗ് ആയി പറയുന്നുണ്ട്. ഇപ്പോഴിതാ നടന്‍ ആസിഫ് അലി ഒരു വേദിയില്‍ പറഞ്ഞ കാര്യം ശ്രദ്ധ നേടുകയാണ്. ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍ എന്ന ലേബലില്‍ അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് അത്. ഇന്നലെ പുറത്തിറങ്ങിയ തന്‍റെ പുതിയ ചിത്രം സര്‍ക്കീട്ടിന്‍റെ പ്രചരണാര്‍ഥം ഒരു സ്കൂളില്‍ നടത്തിയ മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആസിഫ്. അവതാരകന്‍ ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍ എന്ന് ആസിഫ് അലിയെ വിശേഷിപ്പിച്ചിരുന്നു. അപ്പോഴായിരുന്നു ആസിഫിന്‍റെ പ്രതികരണം.